അബുദാബി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം ബാധകമാകുന്ന ഉത്പന്നങ്ങൾ സംബന്ധിച്ച അറിയിപ്പ്

UAE

2022 ജൂൺ 1 മുതൽ എമിറേറ്റിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം നടപ്പിലാക്കുന്ന സാഹചര്യത്തിൽ ഇത് ബാധകമാകുന്ന ഉത്പന്നങ്ങൾ വ്യക്തമാക്കിക്കൊണ്ട് അബുദാബി മീഡിയ ഓഫീസ് ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി. പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം സംബന്ധിച്ച സംശയങ്ങൾക്ക് മറുപടിയെന്ന രീതിയിലാണ് അധികൃതർ ഈ അറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്.

ഈ അറിയിപ്പ് പ്രകാരം, പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം സംബന്ധിച്ച് താഴെ പറയുന്ന കാര്യങ്ങളാണ് അബുദാബി മീഡിയ ഓഫീസ് വ്യക്തമാക്കിയിരിക്കുന്നത്:

എല്ലാത്തരം പ്ലാസ്റ്റിക്കുകൾക്കും ഈ നിരോധനം ബാധകമാണോ?

2022 ജൂൺ 1 മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് മാത്രം നിരോധനം ഏർപ്പെടുത്തുന്നതിനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.

ഏതെല്ലാം തരം പ്ലാസ്റ്റിക് ബാഗുകൾക്കാണ് ഈ നിരോധനം ഏർപ്പെടുത്തുന്നത്?

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഗ്രോസറി ഷോപ്പിംഗ് ബാഗുകൾക്കാണ് ഈ നിരോധനം ഏർപ്പെടുത്തുന്നത്.

സൂപ്പർമാർക്കറ്റുകളിൽ ഉപയോഗിക്കുന്ന മറ്റു പ്ലാസ്റ്റിക് ബാഗുകൾക്ക് ഈ നിരോധനം ബാധകമാണോ?

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഗ്രോസറി ഷോപ്പിംഗ് ബാഗുകൾക്ക് മാത്രമാണ് ഈ നിരോധനം ബാധകമാക്കുന്നത്. പഴം, പച്ചക്കറി, മാംസം എന്നിവ പൊതിയുന്നതിന് ഉപയോഗിക്കുന്ന സുതാര്യമായ ബാഗുകളെ ഈ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ട്രാഷ് ബാഗുകൾ, ഫാർമസി ബാഗുകൾ എന്നിവയ്ക്ക് ഈ നിരോധനം ബാധകമാണോ?

ട്രാഷ് ബാഗുകൾ, വേസ്റ്റ് ബിനുകളിൽ ഉപയോഗിക്കുന്ന ബാഗുകൾ, ഫാർമസി ബാഗുകൾ എന്നിവ ഈ നിരോധനത്തിന്റെ പരിധിയിൽ വരുന്നതല്ല.

ഷോപ്പിംഗ് വേളയിൽ ഏതുതരം ബാഗുകളാണ് ഉപയോഗിക്കാൻ അനുമതി നൽകിട്ടുള്ളത്?

ഷോപ്പിംഗ് ആവശ്യങ്ങൾക്കായി വീണ്ടും ഉപയോഗിക്കാവുന്ന പരിസ്ഥിതി സൗഹൃദ ബാഗുകൾ പ്രയോജനപ്പെടുത്താവുന്നതാണ്. ഷോപ്പിംഗ് വേളയിൽ ഇവ ഉപഭോക്താക്കൾക്ക് സ്വന്തമായി കൊണ്ടുവരാവുന്നതാണ്. ചില്ലറവില്പനശാലകളിൽ ഇവ ലഭ്യമാക്കുന്നതുമാണ്.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് 2022 ജൂൺ 1 മുതൽ എമിറേറ്റിൽ നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചതായി അബുദാബി എൻവിറോണ്മെന്റ് ഏജൻസി 2022 ഏപ്രിൽ 6-ന് അറിയിച്ചിരുന്നു. അബുദാബിയിൽ പ്രകൃതിയോടു ഇണങ്ങിയ ജീവിത രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനായി 2020-ൽ എൻവിറോണ്മെന്റ് ഏജൻസി പ്രഖ്യാപിച്ച പുരോഗമനാത്മകമായ ഭരണനയത്തിന്റെ ഭാഗമായാണ് ഈ നടപടി.