ഫെറാറി വേൾഡ് അബുദാബിയിൽ ഹൈപ്പർകാറുകളുടെ പ്രദർശനം ആരംഭിച്ചു

UAE

അബുദാബി യാസ് ഐലൻഡിലെ ഫെറാറി വേൾഡിൽ ഹൈപ്പർകാറുകളുടെ എക്സിബിഷൻ ആരംഭിച്ചു. കൊറോണ വൈറസ് സാഹചര്യത്തിൽ അടച്ചിട്ടിരുന്ന അബുദാബിയിലെ പ്രധാന തീം പാർക്കുകളായ ഫെറാറി വേൾഡ്, വാർണർ ബ്രോസ് വേൾഡ് എന്നിവ ജൂലൈ 28 മുതൽ സന്ദർശകർക്കായി തുറന്നു കൊടുത്തിരുന്നു. ഫെറാറി വേൾഡിൽ നടക്കുന്ന, ഹൈപ്പർകാറുകളുടെ അതുല്യ പരിണാമം വെളിവാക്കുന്ന ഈ പ്രദർശനം ഒരു വർഷം നീണ്ടുനിൽക്കുന്നതാണ്.

വടക്കൻ ഇറ്റലിയിലെ, മാരനെല്ലോയിലുള്ള ഫെറാറി മ്യൂസിയത്തിൽ നിലവിൽ പ്രദർശിപ്പിച്ചിരിക്കുന്ന പരിമിത-സീരീസ് കാറുകളുടെ അതേ രീതിയിൽ ഒരുക്കുന്ന ഈ എക്സിബിഷൻ, 2020 നവംബറിൽ നടക്കാനിരിക്കുന്ന ഫെറാറി വേൾഡ് അബുദാബിയുടെ പത്താം വാർഷികത്തിന് മുന്നോടിയായി ഒരുക്കുന്ന പുതിയ അനുഭവങ്ങളുടെ ഭാഗമാണ്.

ഫെറാറിയുടെ പരിമിത പതിപ്പുകളായ വ്യത്യസ്തമായ ഹൈപ്പർകാർ മോഡലുകൾ ഈ എക്സിബിഷന്റെ ഭാഗമായി പ്രദർശനത്തിന് ഒരുക്കിയിട്ടുണ്ട്. ഓരോ ഫെറാറി മോഡലുകളും അവയിറങ്ങിയ കാലഘട്ടത്തിലെ ഏറ്റവും മികച്ച കാറുകളാക്കിത്തീർക്കുന്നതിനു, എൻസോ ഫെറാറി പുലർത്തിയിരുന്ന വ്യക്തിമുദ്രയായ തത്ത്വചിന്തകളും, നിർമ്മാണത്തിൽ പുലർത്തിയിരുന്ന സാങ്കേതിക തികവും ഈ പ്രദർശനത്തിലൂടെ സന്ദർശകർക്ക് അനുഭവവേദ്യമാകുന്നതാണ്. ഫെറാറിയുടെ നിർമ്മാണ തത്ത്വങ്ങളുടെ ഉത്തമ ഉദാഹരണമായ ലാഫെറാറി, എൻസോ ഫെറാറിയുടെ ഓർമ്മയ്ക്കായി സമർപ്പിക്കപ്പെട്ട എൻസോ മുതലായ ഹൈപ്പർകാറുകൾ പ്രദർശനത്തിലുണ്ട്.

നിർമ്മാണപ്രക്രിയ ആരംഭിക്കുന്നതിനു മുൻപ് തന്നെ ആകെയുള്ള 272 കാറുകളും ആരാധകർ സ്വന്തമാക്കിയ ഫെറാറി 288 GTO, ‘ആധുനിക ഹൈപ്പർകാറുകളുടെ മാതാവ്’ എന്ന വിശേഷണമുള്ള ഫെറാറി F40, ഓട്ടോമൊബൈൽ വ്യവസായ മേഖലയിൽ പുതിയ മാനദണ്ഡങ്ങൾക്ക് വഴിതെളിച്ച ഫെറാറി F50, 1899 മുതൽ 1986 വരെയുള്ള കാലഘട്ടത്തിൽ നടന്ന ടൂർ ഡെ ഫ്രാൻസ് ഓട്ടോമൊബൈൽ കാറോട്ടമത്സരങ്ങളുടെ ഓർമ്മയിൽ രൂപം കൊടുത്ത ഫെറാറി F12 tdf മുതലായ ജനപ്രീതിയാര്‍ജ്ജിച്ച വാഹനങ്ങളെ അടുത്തറിയാൻ കാർ പ്രേമികൾക്ക് ഈ എക്സിബിഷൻ അവസരമൊരുക്കുന്നു.

“മാരനെല്ലോയിലെ ഫെറാറി മ്യൂസിയവുമായി സഹകരിച്ച് കൊണ്ട് നടത്തുന്ന ഈ മഹത്തായ ഹൈപ്പർകാർ പ്രദർശനത്തിനു വേദിയാകുന്നതിൽ ഞങ്ങൾക്ക് അതിയായ ആനന്ദമുണ്ട്. ഫെറാറിയുടെ അപൂര്‍വ്വമായതും, പരിമിത എഡിഷനിൽ പെടുന്നതുമായ വാഹനങ്ങൾ സുരക്ഷിതവും ആസ്വാദ്യകരവുമായ അന്തരീക്ഷത്തിൽ ആസ്വദിക്കുന്നതിനു സന്ദർശകർക്ക് ഈ പ്രദർശനം അവസരം നൽകുന്നു.”, ഫെരാരി വേൾഡ് അബുദാബി ജനറൽ മാനേജർ ബിയാങ്ക സമുത് അഭിപ്രായപ്പെട്ടു. സന്ദർശകരുടെ ആരോഗ്യ സംരക്ഷണം മുൻനിർത്തി വിപുലമായ ആരോഗ്യ സുരക്ഷാ നടപടികളാണ് യാസ് തീം പാർക്കുകളിലുടനീളം നടപ്പിലാക്കിയിട്ടുള്ളത്.