2021 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത പുതിയ സ്ഥാപനങ്ങളുടെ എണ്ണത്തിൽ 50 ശതമാനം വർധനവ് രേഖപ്പെടുത്തിയതായി യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ് ആൻഡ് എമിററ്റൈസേഷൻ (MoHRE) വ്യക്തമാക്കി. ഹ്യൂമൻ റിസോഴ്സ് ആന്റ് എമിററ്റൈസേഷൻ മന്ത്രി നാസർ ബിൻ താനി അൽ ഹംലിയാണ് ഇക്കാര്യം അറിയിച്ചത്.
2019-ലെ സമാന കാലയളവിനെ അപേക്ഷിച്ചാണ് പുതിയ സ്ഥാപനങ്ങളുടെ എണ്ണത്തിൽ ഈ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. 2019-ൽ ഈ കാലയളവിൽ 17701 സ്ഥാപനങ്ങളാണ് MoHRE-യുടെ കീഴിൽ പുതിയതായി രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ 2021-ലെ ആദ്യ നാല് മാസങ്ങളിൽ 26609 പുതിയ സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
2021 അവസാനത്തോടെ ഈ സംഖ്യ 65,000 ആയി വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തൊഴിൽ വിപണിയിലെയും യു എ ഇയിലെ ബിസിനസ് സൈക്കിളിന്റെയും തുടർച്ചയായ വളർച്ചയുടെ സൂചനയാണിത്.
കഴിഞ്ഞ മാസങ്ങളിൽ യു എ ഇ സർക്കാരും, പ്രാദേശിക സർക്കാരുകളും പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പാക്കേജാണ് തൊഴിൽ വിപണിയിലെയും സാമ്പത്തിക പ്രവർത്തനങ്ങളിലെയും തുടർച്ചയായ ഈ വളർച്ചക്ക് കാരണം എന്ന് അൽ ഹംലി വ്യക്തമാക്കി. പകർച്ചവ്യാധി സംഭവിച്ചിട്ടും, മിഡിൽ ഈസ്റ്റിൽ നിന്നും ലോകത്തിൽ നിന്നുമുള്ള എണ്ണമറ്റ പ്രതിഭകളെയും സംരംഭകരെയും നിക്ഷേപകരെയും ആകർഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തൊഴിൽ കമ്പോളങ്ങിൽ ഒന്ന് എന്ന സ്ഥാനം യു എ ഇ നിലനിർത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
തൊഴിൽ കമ്പോളത്തിന് ആവശ്യമായ പിന്തുണ നൽകാനും ബിസിനസ് അന്തരീക്ഷം മികച്ചതാക്കാനും അതുപോലെ തന്നെ പകർച്ചവ്യാധിയുടെ അനന്തരഫലങ്ങൾ ലഘൂകരിക്കുന്നതിന് സാമ്പത്തികവും ഭരണപരവുമായ സഹായ പാക്കേജുകൾ നൽകാനും രാജ്യം വിപുലമായ തീരുമാനങ്ങളും നടപടിക്രമങ്ങളും സ്വീകരിച്ചിരുന്നു.
WAM