സൗദി അറേബ്യ: റിയാദ് ബസ് സർവീസിന്റെ ആദ്യ ഘട്ടം പ്രവർത്തനമാരംഭിച്ചു

featured GCC News

റിയാദ് ബസ് സർവീസിന്റെ ആദ്യ ഘട്ടം പ്രവർത്തനമാരംഭിച്ചതായി റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി അറിയിച്ചു. 2023 മാർച്ച് 19-ന് വൈകീട്ടാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

കിംഗ് അബ്ദുൽഅസീസ് പബ്ലിക് ട്രാൻസ്‌പോർട്ട് പദ്ധതിയുടെ ഭാഗമായാണ് റിയാദ് ബസ് സർവീസ് ആരംഭിച്ചിട്ടുള്ളത്. റിയാദ് ബസ് സർവീസിന്റെ ആദ്യ ഘട്ടത്തിൽ പതിനഞ്ച് റൂട്ടുകളിൽ 340 ബസുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി 633 ബസ് സ്റ്റേഷനുകളും, സ്റ്റോപ്പുകളും ഉണ്ട്.

റിയാദ് നഗരത്തിലെ പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി. നഗരത്തിന്റെ വിവിധ ഇടങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പദ്ധതി അടുത്ത് അഞ്ച് ഘട്ടങ്ങളിലൂടെ പൂർത്തിയാക്കുന്നതാണ്. റിയാദ് ബസ് സർവീസിന്റെ മുഴുവൻ ഘട്ടങ്ങളിലുമായി 86 റൂട്ടുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്.

റിയാദ് ബസ് പദ്ധതി പൂർത്തിയാകുന്നതോടെ 1900 കിലോമീറ്ററിൽ, 800-ൽ പരം ബസുകൾ റിയാദ് നഗരത്തിൽ ഗതാഗത സേവനങ്ങൾ നൽകുന്നതാണ്. ഇതിന്റെ ഭാഗമായി പരിസ്ഥിതിസൗഹൃദ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തിയിട്ടുള്ള ബസുകളാണ് ഉപയോഗിക്കുന്നതെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

റൂട്ടുകൾ സംബന്ധിച്ച വിവരങ്ങൾ അറിയുന്നതിനും, ടിക്കറ്റ് എടുക്കുന്നതിനുമായി യാത്രികർക്ക് ‘റിയാദ് ബസ് അപ്ലിക്കേഷൻ’, അല്ലെങ്കിൽ https://www.riyadhbus.sa/ എന്ന ഔദ്യോഗിക വെബ്സൈറ്റ് എന്നിവ ഉപയോഗിക്കാവുന്നതാണ്. ബസിൽ നിന്ന് നേരിട്ടും ടിക്കറ്റ് എടുക്കാവുന്നതാണ്. 4 റിയാലാണ് ടിക്കറ്റ് വില. രണ്ട് മണിക്കൂർ സാധുതയുള്ള ഈ ടിക്കറ്റ് ഉപയോഗിച്ച് കൊണ്ട്, ഈ കാലയളവിൽ, മറ്റൊരു ബസിൽ മാറിക്കയറി സഞ്ചരിക്കുന്നതിനും സാധിക്കുന്നതാണ്.

Cover Image: Saudi Press Agency.