ഇന്ന് രുചിക്കൂട്ടിലൂടെ ഊണിലേക്ക് പറ്റിയ ഒരു അടിപൊളി നാടൻ അയല കറി എങ്ങിനെ ഉണ്ടാക്കാമെന്ന് നോക്കാം. കുടംപുളി (Malabar Tamarind/ brindleberry) അഥവാ മീൻപുളി ചേർത്താണ് ഈ തേങ്ങ അരച്ച അയല കറി നമ്മൾ തയ്യാറാക്കുന്നത്.
ആവശ്യമായ ചേരുവകൾ:
അയല – 4 എണ്ണം രണ്ടു പീസാക്കി നുറുക്കിയത്
കുടംപുളി – 5 കഷ്ണം( പുളി അനുസരിച്ച്)
തേങ്ങ – രണ്ടു വലിയ പിടി
ഇഞ്ചി – ഒരു വലിയ കഷണം
പച്ചമുളക് – നാലെണ്ണം
ചെറിയ ഉള്ളി – അഞ്ചെണ്ണം
കറിവേപ്പില – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – രണ്ട് ടേബിൾസ്പൂൺ
മഞ്ഞൾപൊടി -1/2 ടേബിൾസ്പൂൺ
കാശ്മീരി മുളകുപൊടി -1 ടേബിൾസ്പൂൺ
സാധാ മുളകുപൊടി -2 ടേബിൾസ്പൂൺ
വെള്ളം – ആവശ്യത്തിന്
ഇനി ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം:
- കുടംപുളി നന്നായി കഴുകി അര ഗ്ലാസ് ചെറുചൂടുവെള്ളത്തിൽ ഇട്ടുവയ്ക്കുക.
- പച്ചമുളക്, ഇഞ്ചി, ചെറിയുള്ളി എന്നിവ നന്നായി ചതച്ചെടുക്കുക.
- തേങ്ങ, മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ഒന്നിച്ച് ചേർത്ത് ആവശ്യത്തിന് വെള്ളമൊഴിച്ച് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.
- ഇനി ചട്ടി അടുപ്പത്ത് വെച്ച് അതിലേക്ക് വെള്ളത്തിൽ ഇട്ട് വെച്ചിരിക്കുന്ന കുടംപുളി വെള്ളത്തോട് കൂടി ചേർക്കുക. ഇതിലേക്ക് ചതച്ചു വച്ചിരിക്കുന്ന ചേരുവകളും, കറിവേപ്പിലയും, തേങ്ങ അരപ്പും, 2ഗ്ലാസ് വെള്ളവും ചേർക്കുക ( കറി റെഡി ആകുമ്പോൾ കുറുകും അതിനനുസരിച്ച് വേണം വെള്ളം ചേർക്കാൻ )
- കറിക്ക് ആവശ്യമായ ഉപ്പും ചേർത്ത് എല്ലാം കൂടി ഒന്ന് ഇളക്കി യോജിപ്പിച്ച് അടുപ്പ് കത്തിക്കുക.
- മീഡിയം തീയിൽ ഇട്ട് അരപ്പ് തിളച്ചു കുറച്ച് കുറുകി പച്ചമണം മാറുമ്പോൾ അതിലേക്ക് മീൻ കഷ്ണങ്ങൾ ഇട്ടു കൊടുക്കുക.
- മീൻ കഷണങ്ങൾ ഇട്ട് ചട്ടി ഒന്നു നന്നായി ചുറ്റിച്ചതിനുശേഷം ചെറുതീയിൽ അടച്ചു വെച്ച് വേവിക്കുക. ഏകദേശം പത്ത് മിനിറ്റ് കഴിയുമ്പോൾ കറി റെഡി ആകും. അപ്പോൾമൂടി തുറന്നു നോക്കുക. ചാർ എല്ലാം കുറുകി മുകളിൽ തേങ്ങയുടെ എണ്ണതെളിഞ്ഞു വന്നിട്ടുണ്ടാകും.
- ഇനി കറിയുടെ മുകളിലേക്ക് എടുത്തു വച്ചിരിക്കുന്ന പച്ചവെളിച്ചെണ്ണ ഒഴിച്ച് നന്നായി ചട്ടി ഒന്ന് ചുറ്റിച്ചതിനുശേഷം തീ ഓഫ് ചെയ്യുക.
അങ്ങനെ നമ്മുടെ അടിപൊളി നാടൻഅയലക്കറി റെഡിയായി! നല്ല ചൂട് വെള്ള ചോറിനു കൂടെ കഴിക്കാൻ ഇത് വളരെ നല്ലതാണ്.
തയ്യാറാക്കിയത്: ബിനി.C.X, ഇടപ്പള്ളി, കൊച്ചി.