ഇന്ന് രുചികൂട്ടിലൂടെ നാടൻ കരിമീൻ ഫിഷ് മോളി, കേരള തനിമയിൽ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
ഈ രീതിയിൽ മീൻ കറി വെച്ചാൽ ചട്ടിയിൽ ഒരു തരി പോലും ബാക്കി ഉണ്ടാവുകയില്ല… അത്രയ്ക്ക് രുചികരമാണ്, തേങ്ങാപ്പാലിൽ തയ്യാറാക്കിയ ഈ കരിമീൻ ഫിഷ് മോളി അഥവാ കരിമീൻ പാൽ കറി…
കരിമീൻ ഫിഷ് മോളിക്ക് ആവശ്യമായ ചേരുവകൾ:
നന്നായി വൃത്തിയാക്കിയ ഇടത്തരം കരിമീൻ മുഴുവനോടുകൂടി – 6 എണ്ണം
ഉപ്പ്- ആവശ്യത്തിന്
വെളിച്ചെണ്ണ- ആവശ്യത്തിന്
പച്ചമുളക് നീളത്തിൽ മുറിച്ചത്-5 എണ്ണം
വെളുത്തുള്ളി-6 വലിയ അല്ലി
ഇഞ്ചി-1 വലിയ കഷണം
കറിവേപ്പില- ആവശ്യത്തിന്
സവാള – 1 വലുത് നേർമയായി അരിഞ്ഞത്
തക്കാളി-1 ചെറുത്
മഞ്ഞൾപൊടി- 2 ടീസ്പൂൺ
കുരുമുളകുപൊടി- രണ്ടര ടേബിൾ സ്പൂൺ
മല്ലിപ്പൊടി- ഒന്നര ടേബിൾസ്പൂൺ
ഗരം മസാല- 1/4 ടീസ്പൂൺ( വീട്ടിൽ പൊടിച്ചത്)
തേങ്ങ-1 ഇടത്തരം ചിരകിയത്( ഒരു ഗ്ലാസ് വെള്ളമൊഴിച്ച് ഒന്നാംപാലും, ഒന്നര ഗ്ലാസ് വെള്ളമൊഴിച്ച് രണ്ടാംപാലും റെഡി ആക്കുക)
വിനാഗിരി- 4 ടേബിൾസ്പൂൺ
വെള്ളം- തേങ്ങാപ്പാൽ എടുക്കാൻആവശ്യത്തിന്
കരിമീൻ ഫിഷ് മോളി എങ്ങനെ രുചികരമായി തയ്യാറാക്കാം എന്ന് നോക്കാം:
- കരിമീൻ അധികം വേവില്ലാത്ത മീൻ ആയതുകൊണ്ട് പെട്ടെന്ന് പൊടിഞ്ഞു പോകാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഈ കറിയിലേക്ക് മീൻ ഒന്ന് ചെറുതായി വറുത്തിട്ടാണ് കറി വെക്കുന്നത്.
- എല്ലാ മീനും രണ്ടു ഭാഗവും ചെറുതായി ഒന്നു വരഞ്ഞതിനുശേഷം അതിലേക്ക് കുറച്ച് ഉപ്പും, 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടിയും, 1/2 ടേബിൾസ്പൂൺ കുരുമുളകു പൊടിയും നന്നായി ചേർത്തു പിടിപ്പിച്ചു 10 മിനിറ്റ്
- മസാല പിടിക്കുന്നതിനായി വെക്കുക. ( ഈ കറിയിൽ മുളകുപൊടി ചേർക്കാറില്ല)
- ഒരു ഫ്രൈയിംഗ് പാനിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് എല്ലാ മീനും ഒന്ന് ചെറുതായി വറുത്തെടുക്കുക ( ഷാലോ ഫ്രൈ). അധികം മൊരിയിക്കരുത്.
- ഇതിനുശേഷം, കറി വെക്കുന്നതിന് ആവശ്യമായ പാത്രം അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക.
- എണ്ണ ചൂടായി വരുമ്പോൾ ഇഞ്ചി, വെളുത്തുള്ളി ചെറുതായി കൊത്തിയരിഞ്ഞതും, പച്ചമുളക് നീളത്തിൽ അരിഞ്ഞതും, കറിവേപ്പിലയും ചേർത്ത് ഒന്നു മൂത്തു വരുമ്പോൾ, അതിലേക്ക് നേർമയായി നീളത്തിൽ അരിഞ്ഞ് വച്ചിരിക്കുന്ന സവാള ചേർത്ത് ഒന്ന് വഴറ്റി എടുക്കുക ( സവാള ബ്രൗൺ നിറം ആകേണ്ട ആവശ്യമില്ല).
- സവാള വഴന്നുവരുമ്പോൾ അതിലേക്ക് കറിക്ക് ആവശ്യമായ ഉപ്പും, ഒന്നര ടീസ്പൂൺ മഞ്ഞൾപൊടിയും, ഒന്നര ടേബിൾസ്പൂൺ മല്ലിപ്പൊടിയും ചേർത്ത് വഴറ്റുക.
- കുറച്ച് മൊരിഞ്ഞു വരുമ്പോൾ അതിലേക്ക് രണ്ട് ടേബിൾസ്പൂൺ കുരുമുളകു പൊടിയും, 1/4 ടീസ്പൂൺ ഗരംമസാലപ്പൊടിയും ചേർത്ത് പച്ചമണം മാറുന്നതുവരെ മസാല നന്നായി വഴറ്റിയെടുക്കുക.
- മസാല പാകമാകുമ്പോൾ അതിലേക്ക് 4 ടേബിൾസ്പൂൺ വിനാഗിരിയും, ഒന്നര ഗ്ലാസ് രണ്ടാം പാലും ചേർത്ത് നന്നായി തിളപ്പിക്കുക.
- കറി തിളക്കുമ്പോൾ തീ കുറച്ചു വെച്ച ശേഷം ചെറുതായി വറുത്തു വെച്ചിരിക്കുന്ന മീൻ കഷ്ണങ്ങൾ അതിലേക്ക് ഇട്ടു കൊടുക്കുക. പാത്രം മൂടിവെച്ച് 5 മിനിറ്റ് കഴിയുമ്പോൾ തവി കൊണ്ട് മീൻമറിച്ചിട്ടു കൊടുക്കുക.
- 5 മിനിറ്റ് കൂടെ കഴിയുമ്പോൾ ഒരു ഗ്ലാസ് ഒന്നാം പാല് ചേർത്ത് കറി നന്നായി ഒന്നു ചുറ്റിച്ച് കൊടുക്കുക.
- പിന്നീട് കറിയുടെ മുകളിലേക്ക് തക്കാളി വട്ടത്തിൽ അരിഞ്ഞതും, കുറച്ചു കറിവേപ്പിലയും ചേർത്ത് രണ്ടു മിനിറ്റു കൂടെ മൂടിവെച്ച് വേവിക്കുക. അതിനുശേഷം തീ ഓഫ് ചെയ്തു ഒന്നുകൂടെ കറി ചുറ്റിച്ച് വയ്ക്കുക( മീൻ ഇട്ടതിനുശേഷം തവികൊണ്ട് കറി അധികംഇളക്കരുത്)
അങ്ങനെ ഫിഷ് മോളി റെഡിയായി!
തയ്യാറാക്കി അരമണിക്കൂറിനുശേഷം ഉപയോഗിക്കാവുന്നതാണ്. അപ്പോഴേക്കും നമ്മുടെ കരിമീൻ ഫിഷ് മോളി നന്നായി മസാലയും പുളിയുമൊക്കെ പിടിച്ച് അടിപൊളി ടേസ്റ്റ് ആയിട്ടുണ്ടാകും.
(ഓരോരുത്തരുടെയും പുളിക്ക് അനുസരിച്ച് വിനാഗിരി കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാവുന്നതാണ്.)
തയ്യാറാക്കിയത്: ബിനി.C.X, ഇടപ്പള്ളി, കൊച്ചി