അയ്യായിരം വർഷം മുൻപ് ഉണ്ടായിരുന്ന ഒരു ജനവാസ പ്രദേശത്തിന്റെ അവശേഷിപ്പുകൾ നോർത്ത് അൽ ശർഖിയ ഗവർണറേറ്റിൽ നിന്ന് കണ്ടെത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു. 2023 ജനുവരി 3-ന് ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
നോർത്ത് അൽ ശർഖിയ ഗവർണറേറ്റിലെ അൽ മുദൈബി വിലായത്തിലാണ് ഈ പ്രാചീന അധിവസിത പ്രദേശത്തിന്റെ അവശേഷിപ്പുകൾ കണ്ടെത്തിയത്. അൽ ഖർയെൻ ആർക്കിയോളജിക്കൽ സൈറ്റിൽ നടത്തിയ ഉല്ഖനന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ കണ്ടെത്തൽ.
സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിയിലെ പുരാവസ്തുവിഭാഗവുമായി ചേർന്നാണ് മന്ത്രാലയം ഈ മേഖലയിൽ ഉല്ഖനന പ്രവർത്തനങ്ങളും, ഗവേഷണങ്ങളും നടത്തുന്നത്. ഈ പ്രാചീന അധിവസിത പ്രദേശം വെങ്കലയുഗത്തിന്റെ ആദ്യ ഘട്ടത്തോളം പഴക്കമുളളതാണെന്ന് പുരാവസ്തുവിദഗ്ധർ അറിയിച്ചു.
ഇവിടെ നിന്ന് ലഭിച്ച ഹഫീത്, ഉം അൽ നാർ സംസ്കാരങ്ങളുടെ അവശേഷിപ്പുകളെ അടിസ്ഥാനമാക്കിയാണ് പുരാവസ്തുവിദഗ്ധർ ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. ഈ പ്രാചീന ജനവാസ പ്രദേശത്തിന്റെ അവശേഷിപ്പുകളിൽ ഒരു കോട്ടഗോപുരം, ഒന്നിലധികം മുറികളുള്ള താമസയിടങ്ങൾ, പൊതു ശ്മശാനം, മറ്റു കെട്ടിടങ്ങളുടെ ശേഷിപ്പുകൾ എന്നിവ ഉൾപ്പെടുന്നു.
600 സ്ക്വയർ മീറ്റർ വരെ വലിപ്പമുള്ള കെട്ടിടങ്ങളുടെ ശേഷിപ്പുകൾ അൽ ഖർയെൻ ആർക്കിയോളജിക്കൽ സൈറ്റിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കര്ഷകവൃത്തി, കാലിമേയ്ക്കൽ, ചെമ്പ് ഉരുക്കൽ, വാണിജ്യ, വ്യാപാര ഇടപാടുകൾ തുടങ്ങിയ പ്രവർത്തനങ്ങൾക്കും ഈ പ്രാചീന ജനവാസ പ്രദേശം ചുക്കാൻ പിടിച്ചിരുന്നതായി പുരാവസ്തുവിദഗ്ധർ ചൂണ്ടിക്കാട്ടി.
Cover Image: Oman News Agency.