ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള യാത്രാ വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്കുകൾ 2021 ജൂലൈ 28 വരെ തുടരുമെന്ന് എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. എമിറേറ്റ്സ് എയർലൈൻസിന്റെ ഔദ്യോഗിക യാത്രാ നിബന്ധനകളിൽ ജൂലൈ 23-നാണ് ഇത് സംബന്ധിച്ച ഭേദഗതി വരുത്തിയിട്ടുള്ളത്.
https://www.emirates.com/ae/english/help/travel-updates/#4425 എന്ന വിലാസത്തിൽ ഈ ഔദ്യോഗിക അറിയിപ്പ് ലഭ്യമാണ്. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്കുകൾ ജൂലൈ 28 വരെ തുടരുമെന്നാണ് ഈ അറിയിപ്പിൽ വ്യക്തമാക്കുന്നത്.
ഈ രാജ്യങ്ങളിൽ നിന്ന് നേരിട്ടെത്തുന്ന യാത്രികർക്ക് പുറമെ, കഴിഞ്ഞ 14 ദിവസങ്ങൾക്കിടെ ഈ രാജ്യങ്ങളിലൂടെ സഞ്ചരിച്ചിട്ടുള്ളവർക്കും മറ്റു രാജ്യങ്ങളിൽ നിന്ന് യു എ ഇയിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ലെന്നും എമിറേറ്റ്സ് ഈ അറിയിപ്പിലൂടെ കൂട്ടിച്ചേർത്തു. 2021 ഏപ്രിൽ 25 മുതലാണ് ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള വിമാന സർവീസുകൾക്ക് പ്രവേശന വിലക്കേർപ്പെടുത്തിയത്.
COVID-19 വൈറസിന്റെ ഡെൽറ്റ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഈ വിലക്കുകൾ തുടരാൻ യു എ ഇ തീരുമാനിക്കുകയായിരുന്നു. യു എ ഇ പൗരന്മാർ, ഡിപ്ലോമാറ്റിക് പാസ്പോർട്ട് ഉള്ളവർ, പ്രത്യേക അനുമതിയുള്ള ഔദ്യോഗിക സന്ദർശകർ, ഗോൾഡൻ വിസകളിലുള്ളവർ, തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങളോടെ ഈ രാജ്യങ്ങളിൽ നിന്ന് യു എ ഇയിലേക്ക് പ്രവേശിക്കുന്നതിന് ഇളവ് അനുവദിച്ചിട്ടുണ്ട്.
ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള വിമാനസർവീസുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ 2021 ജൂലൈ 31 വരെ തുടരുമെന്ന് ഇത്തിഹാദ് എയർവേസ് ജൂലൈ 18-ന് അറിയിച്ചിരുന്നു. ഇത്തിഹാദ് എയർവേസിന്റെ വെബ്സൈറ്റിൽ നൽകിയിട്ടുള്ള യാത്രാ നിബന്ധനകളിലും, ഇത്തിഹാദ് എയർവേസ് കസ്റ്റമർ സപ്പോർട്ട് ട്വിറ്ററിലൂടെയുമാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
ഇന്ത്യ ഉൾപ്പടെ 16 രാജ്യങ്ങളിൽ നിന്ന് യു എ ഇയിലേക്കുള്ള യാത്രാ വിമാനസർവീസുകൾക്കേർപ്പെടുത്തിയ വിലക്കുകൾ തുടരുമെന്ന് ജൂലൈ 18-ന് യു എ ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) വ്യക്തമാക്കിയിട്ടുണ്ട്.