ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്കുകൾ 2021 ജൂൺ 14 വരെ തുടരുമെന്ന് എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. എമിറേറ്റ്സ് എയർലൈൻസിന്റെ ഔദ്യോഗിക യാത്രാ നിബന്ധനകളിൽ മെയ് 23-നാണ് ഇത് സംബന്ധിച്ച ഭേദഗതി വരുത്തിയിട്ടുള്ളത്.
https://www.emirates.com/in/english/help/travel-updates/#4393 എന്ന വിലാസത്തിൽ ഈ ഔദ്യോഗിക അറിയിപ്പ് ലഭ്യമാണ്. ഇന്ത്യയിൽ നിന്ന് യു എ യിലേക്കുള്ള ട്രാൻസിറ്റ് യാത്രികർ ഉൾപ്പെടെയുള്ളവർക്ക് ഈ വിലക്ക് ബാധകമാണ്. ഇന്ത്യയിൽ നിന്നുള്ള യാത്രികർക്ക് പുറമെ, കഴിഞ്ഞ 14 ദിവസങ്ങൾക്കിടെ ഇന്ത്യയിലൂടെ സഞ്ചരിച്ചിട്ടുള്ളവർക്കും യു എ ഇയിലേക്ക് പ്രവേശനംഅനുവദിക്കുന്നതല്ല. ഇന്ത്യയിലേക്ക് യു എ ഇയിലൂടെ സഞ്ചരിക്കുന്ന ട്രാൻസിറ്റ് വിമാനങ്ങൾക്ക് ഈ വിലക്ക് ബാധകമല്ല.
2021 ഏപ്രിൽ 25 മുതലാണ് ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള വിമാന സർവീസുകൾക്ക് പ്രവേശന വിലക്കേർപ്പെടുത്തിയത്. യു എ ഇ പൗരന്മാർ, ഡിപ്ലോമാറ്റിക് പാസ്പോർട്ട് ഉള്ളവർ, പ്രത്യേക അനുമതിയുള്ള ഔദ്യോഗിക സന്ദർശകർ, ഗോൾഡൻ വിസകളിലുള്ളവർ, തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങളോടെ ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് പ്രവേശിക്കുന്നതിന് ഇളവ് അനുവദിച്ചിട്ടുണ്ട്.
യാത്രാ വിലക്കുകൾ മൂലം യാത്ര തടസപ്പെട്ടവർക്ക്, തങ്ങളുടെ വിമാനടിക്കറ്റുകൾ ഭാവിയിലെ ഒരു തീയ്യതിയിൽ ഉപയോഗിക്കുന്ന രീതിയിൽ മാറ്റിവെക്കാമെന്നും എമിറേറ്റ്സ് അറിയിച്ചിട്ടുണ്ട്. ഇതിനായി ട്രാവൽ ഏജൻസികളെയോ, എമിറേറ്റ്സ് ബുക്കിംഗ് ഓഫീസിനെയോ സമീപിക്കാവുന്നതാണ്.