ഒമാൻ: വിദേശ നിക്ഷേപകർക്ക് രാജ്യത്തിന് പുറത്ത് നിന്ന് കമ്പനികൾ ആരംഭിക്കുന്നതിനുള്ള സേവനം ലഭ്യമാക്കുന്നു

featured GCC News

വിദേശ നിക്ഷേപകർക്ക് രാജ്യത്തിന് പുറത്ത് നിന്ന് കമ്പനികൾ ആരംഭിക്കുന്നതിനുള്ള സേവനം ലഭ്യമാക്കിയതായി ഒമാൻ അധികൃതർ വ്യക്തമാക്കി. ഒമാൻ മിനിസ്ട്രി ഓഫ് കൊമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രമോഷനാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

https://twitter.com/Tejarah_om/status/1737346599783891084

ഒമാൻ ബിസിനസ് പ്ലാറ്റ്‌ഫോം എന്ന ഓൺലൈൻ സംവിധാനത്തിലൂടെയാണ് ഈ റിമോട്ട് സേവനം നൽകുന്നത്. ഇത്തരത്തിൽ രാജ്യത്തിന് പുറത്ത് നിന്ന് ഒമാനിൽ ഒരു കമ്പനി ആരംഭിക്കുന്നതിനായി വിദേശ നിക്ഷേപകർക്ക് റെസിഡൻസി കാർഡ് ആവശ്യമില്ലെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഈ സംവിധാനത്തിലെ കെവൈസി സേവനത്തിൽ രജിസ്റ്റർ ചെയ്ത് കൊണ്ട് ഈ നടപടികൾ പൂർത്തിയാക്കാവുന്നതാണ്. ഇത്തരത്തിൽ സ്ഥാപനം ആരംഭിക്കുന്നതിനുള്ള മൂലധനത്തിന് കുറഞ്ഞ പരിധികളൊന്നും നിർബന്ധമാക്കിയിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

വിദേശനിക്ഷേപകർക്ക് പൂർണ്ണ ഉടമസ്ഥാവകാശം ലഭിക്കുന്ന രീതിയിലാണ് ഇത്തരം സ്ഥാപനങ്ങൾ ആരംഭിക്കാൻ അനുമതി നൽകിയിരിക്കുന്നത്. ഇതിനായുള്ള അപേക്ഷകളിൽ നിശ്ചിത സമയപരിധിയ്ക്കുള്ളിൽ തന്നെ ലൈസൻസ് അനുവദിച്ച് നൽകുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഒമാനിൽ വിദേശ നിക്ഷേപകർക്ക് ആരംഭിക്കാൻ സാധിക്കുന്ന ഏതാണ്ട് 2500 വാണിജ്യ പ്രവർത്തനങ്ങളുടെ വിവരങ്ങൾ, മാനദണ്ഡങ്ങൾ, ലൈസൻസുകൾ എന്നിവ ഒമാൻ ബിസിനസ് പ്ലാറ്റ്‌ഫോം സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. https://www.business.gov.om/ieasy/wp/en/ എന്ന വിലാസത്തിൽ ഈ സംവിധാനം ലഭ്യമാണ്.