യു എ ഇ: പ്രവാസികൾ ഉൾപ്പടെ 16 വയസ്സിന് മുകളിൽ പ്രായമുള്ള മുഴുവൻ പേർക്കും COVID-19 വാക്സിൻ കുത്തിവെപ്പിന് അപേക്ഷിക്കാം

featured GCC News

2021 മാർച്ച് 21, ഞായറാഴ്ച്ച മുതൽ രാജ്യത്തെ മുഴുവൻ പൗരന്മാർക്കും, പ്രവാസികൾക്കും, പ്രായപരിധി കണക്കിലെടുക്കാതെ, COVID-19 വാക്സിൻ കുത്തിവെപ്പ് ലഭ്യമാക്കുമെന്ന് യു എ ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 16 വയസ്സിന് മുകളിൽ പ്രായമുള്ള മുഴുവൻ പേർക്കും ഇപ്പോൾ COVID-19 വാക്സിൻ കുത്തിവെപ്പ് ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.

മാർച്ച് 21-നാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. വാക്സിനേഷൻ യത്നത്തിന്റെ ആദ്യ ആറ് ആഴ്ചകളിൽ രാജ്യത്തെ പ്രായമായവരെയും, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരെയും മാത്രമാണ് വാക്സിൻ നൽകുന്നതിനായുള്ള മുൻഗണന വിഭാഗങ്ങളായി മന്ത്രാലയം കണക്കാക്കിയിരുന്നത്.

എന്നാൽ മാർച്ച് 21 മുതൽ രാജ്യത്തെ 16 വയസ്സിന് മുകളിൽ പ്രായമുള്ള മുഴുവൻ നിവാസികൾക്കും സൗജന്യ വാക്സിൻ കുത്തിവെപ്പ് ലഭിക്കുന്നതിനുള്ള മുൻ‌കൂർ അനുമതികൾ ബുക്ക് ചെയ്യുന്നതിന് അവസരം നൽകുന്നതാണെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തൊട്ടാകെ ഏതാണ്ട് 205-ൽ പരം ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് വാക്സിൻ കുത്തിവെപ്പ് നൽകിവരുന്നതായും മന്ത്രാലയം കൂട്ടിച്ചേർത്തു. വാക്സിൻ ലഭിക്കുന്നതിന് മുൻ‌കൂർ ബുക്കിംഗ് നിർബന്ധമാണെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഇതുവരെ, രാജ്യത്തെ ഏതാണ്ട് 56 ശതമാനത്തോളം നിവാസികൾക്ക് വാക്സിൻ കുത്തിവെപ്പ് നൽകിയിട്ടുണ്ട്. യു എ ഇയിൽ നിലവിൽ സിനോഫാം COVID-19 വാക്സിൻ, ഫൈസർ വാക്സിൻ, റഷ്യൻ നിർമ്മിത സ്പുട്നിക് V വാക്സിൻ, ആസ്ട്രസെനേക വാക്സിൻ എന്നിങ്ങനെ നാല് COVID-19 വാക്സിനുകൾ ലഭ്യമാണ്.