ഷാർജ ഹെറിറ്റേജ് ഡെയ്‌സ് സന്ദർശകർക്കായി 233 സൗജന്യ പാർക്കിങ്ങ് ഇടങ്ങൾ ആരംഭിച്ചു

UAE

പൈതൃക കാഴ്ച്ചകളുടെ പ്രദർശനമായ ഷാർജ ഹെറിറ്റേജ് ഡെയ്‌സ് (SHD) സന്ദർശിക്കാനെത്തുന്നവർക്ക് സൗജന്യ പാർക്കിങ്ങ് സേവനങ്ങൾ നൽകുന്നതിനുള്ള നടപടികൾ കൈക്കൊണ്ടതായി ഷാർജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു. ഇതിനായി അൽ മറെയ്‌ജ, അൽ ഷോയൗഖ് മേഖലകളിൽ 233 സൗജന്യ പാർക്കിങ്ങ് ഇടങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

പതിനെട്ടാമത് SHD 2021 മാർച്ച് 20 മുതൽ ഏപ്രിൽ 10 വരെയാണ് സംഘടിപ്പിക്കുന്നത്. ഷാർജ ഹെറിറ്റേജ് ഡെയ്‌സ് സന്ദർശിക്കാനെത്തുന്നവർക്ക് ഈ പാർക്കിങ്ങ് ഇടങ്ങളിലെ സേവനങ്ങൾ ഏപ്രിൽ 10 വരെ സൗജന്യമായിരിക്കും.

മൂന്നാഴ്ച്ച നീണ്ട് നിൽക്കുന്ന ഈ പ്രദർശനം ഷാർജയിലെ ഹെറിറ്റേജ് ഏരിയയിലാണ് ഒരുക്കിയിട്ടുള്ളത്. 29 രാജ്യങ്ങളിൽ നിന്നുള്ള തനതായ പാരമ്പര്യ രീതികളും, ആചാരങ്ങളും അടുത്തറിയുന്നതിനുള്ള അവസരമാണ് ഷാർജയിൽ നടക്കുന്ന ഈ ‘പൈതൃക കാഴ്ചകളുടെ ദിനങ്ങൾ’ ഒരുക്കുന്ന പ്രദർശനത്തിലെത്തുന്ന സന്ദർശകരെ കാത്തിരിക്കുന്നത്.