അബുദാബി വിമാനത്താവളത്തിലെത്തുന്ന യാത്രികർക്ക് സൗജന്യമായി COVID-19 PCR ടെസ്റ്റുകൾ നടത്തുന്നതിനുള്ള സംവിധാനം ആരംഭിച്ചതായി അബുദാബി എയർപോർട്ട്സ് അറിയിച്ചു. ഈ സംവിധാനത്തിലൂടെ 90 മിനിറ്റിനകം പരിശോധനാ ഫലങ്ങൾ ലഭിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
മാർച്ച് 9, ചൊവ്വാഴ്ച്ചയാണ് അബുദാബി എയർപോർട്ട്സ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. അബുദാബി ഇന്റർനാഷണൽ എയർപോർട്ടിന്റെ ടെർമിനൽ 1, 3 എന്നിവയിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും ഈ പരിശോധന നടത്തുന്നതാണെന്നും വിമാനത്താവള അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വിമാനത്താവളത്തിൽ ആരംഭിച്ചിട്ടുള്ള ഇത്തരം ഫാസ്റ്റ് RT-PCR സംവിധാനം മേഖലയിൽ ആദ്യമായാണ് നടപ്പിലാക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
പ്യുവർ ഹെൽത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഈ ടെസ്റ്റിംഗ് കേന്ദ്രത്തിൽ നിന്ന് 24 മണിക്കൂറും സേവനം ലഭിക്കുന്നതാണ്. 190 ജീവനക്കാരുള്ള ഈ കേന്ദ്രത്തിൽ പ്രതിദിനം 20000 യാത്രികരെ പരിശോധിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഈ പരിശോധനകളുടെ ഫലങ്ങൾ SMS, വാട്സ്ആപ് എന്നിവയിലൂടെ ലഭിക്കുന്നതാണ്. അൽഹൊസൻ ആപ്പിലും ഈ ടെസ്റ്റ് റിസൾട്ട് ലഭിക്കുന്നതാണ്.
ഈ പരിശോധനകളിൽ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്ന ഗ്രീൻ പട്ടികയിൽപ്പെടുന്ന രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് ക്വാറന്റീൻ നടപടികൾ ഒഴിവാക്കി നൽകുന്നതാണ്. നെഗറ്റീവ് റിസൾട്ട് ലഭിക്കുന്ന മറ്റു രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് 10 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണ്. ഇത്തരം യാത്രികർക്ക് കൈകളിൽ ധരിക്കുന്ന ഒരു ട്രാക്കിംഗ് ബാൻഡ് ഈ PCR ടെസ്റ്റിംഗ് കേന്ദ്രത്തിൽ നിന്ന് നൽകുന്നതാണ്.
എമിറേറ്റിലെത്തുന്ന വിദേശ യാത്രികരുടെ പ്രവേശനവുമായി ബന്ധപ്പെട്ട്, COVID-19 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയായി കണക്കാക്കുന്ന ഗ്രീൻ പട്ടിക ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം പ്രസിദ്ധീകരിച്ചിട്ടുണ്ട്.