യാത്രാ വിലക്കുകൾ തുടരുന്ന രാജ്യങ്ങളിൽ നിന്നുള്ളവരുടെ റെസിഡൻസി കാലാവധി 2022 മാർച്ച് 31 വരെ നീട്ടി നൽകുന്നതിനുള്ള സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സിന്റെ (ജവാസത്) തീരുമാനം ഇന്ത്യ ഉൾപ്പടെ 17 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് പ്രയോജനപ്പെടുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജവാസത് വൃത്തങ്ങളെ ഉദ്ധരിച്ചാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുടെ റെസിഡൻസി പെർമിറ്റ് (ഇഖാമ), എക്സിറ്റ്, റീ-എൻട്രി വിസ, വിസിറ്റ് വിസകൾ തുടങ്ങിയവയുടെ കാലാവധി 2022 മാർച്ച് 31 വരെ നീട്ടി നൽകാൻ തീരുമാനിച്ചതായി 2022 ജനുവരി 24-ന് ജവാസത് അറിയിച്ചിരുന്നു. ഈ പദ്ധതിയുടെ പ്രയോജനം ഇന്ത്യ, പാകിസ്ഥാൻ, ഈജിപ്ത് , ഇൻഡോനേഷ്യ, തുർക്കി, ബ്രസീൽ, ലെബനൻ, എത്യോപ്യ, വിയറ്റ്നാം, അഫ്ഘാനിസ്ഥാൻ, സൗത്ത് ആഫ്രിക്ക, സിംബാബ്‌വെ, നമീബിയ, മൊസാമ്പിക്, ബോട്സ്വാന, ലെസോതോ, എസ്‌വതിനി എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ബാധകമാക്കിയിട്ടുള്ളതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നിലവിൽ സൗദിയ്ക്ക് പുറത്തുള്ള, ഈ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് പ്രവേശിക്കുന്നതിന് യാത്രാ വിലക്കുകൾ മൂലം തടസം നേരിട്ടിട്ടുള്ള ഇത്തരം വിസകളിലുള്ളവർക്ക് വിസകളുടെ കാലാവധി പ്രത്യേക ഫീസുകൾ കൂടാതെ 2022 മാർച്ച് 31 വരെ നീട്ടി നൽകുമെന്നാണ് ജവാസത് അറിയിച്ചിട്ടുള്ളത്. സൗദിയിൽ നിന്ന് എക്സിറ്റ്, റീ-എൻട്രി വിസകളിൽ തിരികെ മടങ്ങുന്നതിന് മുൻപായി, സൗദിയിൽ നിന്ന് ഒരു ഡോസ് വാക്സിനെടുത്തിട്ടുള്ള പ്രവാസികൾക്ക് ഈ ഇളവ് ലഭിക്കുന്നതല്ല.
കാലാവധി നീട്ടുന്നതിനുള്ള നടപടികൾ നാഷണൽ ഇൻഫോർമേഷൻ സെന്ററുമായി ചേർന്ന് സ്വയമേവ കൈക്കൊള്ളുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. യാത്രാവിലക്കുകൾ മൂലം സൗദിയിലേക്ക് പ്രവേശിക്കാനാകാതെ ദുരിതമനുഭവിക്കുന്ന വിഭാഗങ്ങളിൽപ്പെടുന്ന പ്രവാസികൾക്ക് ആശ്വാസം നൽകുന്നതിനായാണ് ജവാസത് ഇത്തരം ഒരു നടപടി കൈകൊണ്ടിട്ടുള്ളത്.