മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ലൈസൻസ് നേടിയിട്ടുള്ള സ്ഥാപനങ്ങൾ തങ്ങളുടെ കോർപ്പറേറ്റ് ടാക്സ് രജിസ്ട്രേഷൻ അപേക്ഷകൾ 2024 ജൂൺ 30-ന് മുൻപായി സമർപ്പിക്കണമെന്ന് യു എ ഇ ഫെഡറൽ ടാക്സ് അതോറിറ്റി (FTA) അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്.
ലൈസൻസ് നൽകിയ വർഷം കണക്കിലെടുക്കാതെ തന്നെ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ലൈസൻസ് നേടിയിട്ടുള്ള മുഴുവൻ സ്ഥാപനങ്ങളും 2024 ജൂൺ 30-ന് മുൻപായി തങ്ങളുടെ കോർപ്പറേറ്റ് ടാക്സ് രജിസ്ട്രേഷൻ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. നികുതി സംബന്ധമായ നിയമങ്ങളിൽ വീഴ്ച വരുത്തുന്നത് ഒഴിവാക്കാൻ ഇത് നിർബന്ധമാണെന്ന് FTA ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
2024 മാർച്ച് 1-ന് പ്രാബല്യത്തിൽ വന്നിട്ടുള്ള ‘3/ 2024’ എന്ന FTA തീരുമാന പ്രകാരം കോർപ്പറേറ്റ് ടാക്സ് രജിസ്ട്രേഷൻ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതാണ്. ഈ തീരുമാനത്തിൽ പറഞ്ഞിരിക്കുന്ന നിശ്ചിത സമയപരിധിക്കുള്ളിൽ കോർപ്പറേറ്റ് ടാക്സ് രജിസ്ട്രേഷൻ അപേക്ഷകൾ സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് അഡ്മിനിസ്ട്രേറ്റീവ് പിഴ ചുമത്തുമെന്നും FTA പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
WAM