ഫുജൈറ എയർ നാവിഗേഷൻ സർവീസസ് ഡ്രോൺ രജിസ്ട്രേഷന് വേണ്ടിയുള്ള ഒരു ഓൺലൈൻ സംവിധാനം ആരംഭിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഡ്രോണുകളുമായി ബന്ധപ്പെട്ടുള്ള രജിസ്‌ട്രേഷൻ, പെർമിറ്റ് അനുവദിക്കൽ എന്നിവയുടെ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനും വേഗത്തിലാക്കുന്നതിനുമായാണ് ഈ ഓൺലൈൻ സംവിധാനം ആരംഭിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് അപേക്ഷകൾ സമർപ്പിക്കാനും തൽക്ഷണം അംഗീകാരങ്ങൾ നേടാനും ഈ ഡിജിറ്റൽ സംവിധാനത്തിലൂടെ സാധിക്കുന്നതാണ്.
ഫുജൈറയുടെ വ്യോമാതിർത്തിയിൽ നടക്കുന്ന ഡ്രോൺ സംബന്ധിയായ പ്രക്രിയകൾ ലളിതമാക്കാൻ ഉദ്ദേശിച്ചുള്ളതാണ് ബിസിനസ്സുകളെയും, ഓർഗനൈസേഷനുകളെയും ലക്ഷ്യമിടുന്ന ഈ പദ്ധതി. പുതിയ സംവിധാനം നിലവിൽ വന്നതോടെ ഫ്ലൈറ്റ് പെർമിറ്റുകൾക്കായുള്ള അഭ്യർത്ഥനകൾ ഇപ്പോൾ പൂർണ്ണമായും ഓൺലൈനിലൂടെ സമർപ്പിക്കാനും നിരീക്ഷിക്കാനും കഴിയുന്നതാണ്.
വ്യോമയാന സാങ്കേതികവിദ്യയിലെ ദ്രുതഗതിയിലുള്ള വികസനങ്ങൾക്കൊപ്പം അത്യാധുനിക സേവനങ്ങൾ നൽകുന്നതിനുള്ള കമ്പനിയുടെ സമർപ്പണമാണ് ഈ സംവിധാനം പ്രകടമാക്കുന്നതെന്ന് ഫുജൈറ എയർ നാവിഗേഷൻ സർവീസസ് സി ഇ ഒ കരം ജലാൽ അൽ ബൗഷി വ്യക്തമാക്കി. ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും പ്രക്രിയകൾ ലളിതമാക്കുന്നതിനും ഉദ്ദേശിച്ചുള്ള നിരവധി പദ്ധതികളുടെ തുടക്കം മാത്രമാണ് ഈ ഓൺലൈൻ സംവിധാനമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
WAM