ഫുജൈറയുടെ പുരാവസ്തുശാസ്ത്രം, ചരിത്രം എന്നിവയെക്കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്തു

featured GCC News

ഫുജൈറയുടെ പുരാവസ്തുശാസ്ത്രം, ചരിത്രം എന്നിവ അടയപ്പെടുത്തുന്ന ‘ദി ആർക്കിയോളജി ആൻഡ് ഹിസ്റ്ററി ഓഫ് ഫുജൈറ’ എന്ന പുസ്തകം പ്രകാശനം ചെയ്തു. ഫുജൈറ ടൂറിസം ആൻഡ് ആൻ്റിക്വിറ്റീസ് ഡിപ്പാർട്ട്‌മെന്റാണ് ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.

എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഫുജൈറയുടെ നാച്ചുറൽ ഹിസ്റ്ററിയെക്കുറിച്ചുള്ള പുസ്തകശ്രേണിയിലെ രണ്ടാമത്തെ പുസ്തകമാണിത്.

ഫുജൈറ എൻവിറോണ്മെന്റ് അതോറിറ്റിയാണ് ഈ ശ്രേണിയിലുള്ള പുസ്തകങ്ങൾ പുറത്തിറക്കുന്നതിന് തുടക്കമിട്ടത്. ഡോ. മിഷേൽ സിയോൾകോവ്സ്കിയാണ് ‘ദി ആർക്കിയോളജി ആൻഡ് ഹിസ്റ്ററി ഓഫ് ഫുജൈറ’ എന്ന പുസ്തകം രചിച്ചിരിക്കുന്നത്.

Source: WAM.

പാലിയോലിത്തിക്ക് മുതൽ ഇരുപതാം നൂറ്റാണ്ടിൻ്റെ മധ്യം വരെയുള്ള എമിറേറ്റിൻ്റെ പുരാവസ്തുശാസ്ത്രത്തെ വിവരിക്കുന്നതാണ് ഈ പുസ്തകം. നിരവധി ചിത്രങ്ങൾ, മാപ്പുകൾ, രൂപരേഖകൾ എന്നിവ ഉൾപ്പെടുത്തിയാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

ശിലാ ഉപകരണങ്ങൾ, ശവസംസ്‌കാരം, കോട്ടകൾ, ഗ്രാമങ്ങൾ, റോക്ക് ആർട്ട് തുടങ്ങിയ നിരവധി വിഷയങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ പുസ്തകം. ജബൽ കാഫ് അഡോറിലെ പാലിയോലിത്തിക്ക് സൈറ്റിൻ്റെ വിശദാംശങ്ങൾ പോലെ, ഇതിന് മുൻപ് ഒരിക്കലും പ്രസിദ്ധീകരിക്കാത്ത പുരാവസ്തുഗവേഷണ വിവരങ്ങൾ ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

12 അധ്യായങ്ങളായി വിഭജിച്ചിരിക്കുന്ന ഈ പുസ്തകം എമിറേറ്റ്സിൻ്റെ സമ്പന്നമായ പുരാവസ്തു പൈതൃകത്തെക്കുറിച്ച് ചർച്ച ചെയ്യുന്നു.