യു എ ഇയും ഖത്തറും തമ്മിലുള്ള വ്യോമഗതാഗതം പുനരാരംഭിക്കുന്നതായി GCAA

featured GCC News

2021 ജനുവരി 9, ശനിയാഴ്ച്ച മുതൽ യു എ ഇയും ഖത്തറും തമ്മിലുള്ള വ്യോമ അതിർത്തികൾ തുറക്കാനും, വ്യോമഗതാഗതം പുനരാരംഭിക്കുന്നതിനും തീരുമാനിച്ചതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) അറിയിച്ചു. ഖത്തറുമായുള്ള കര, കടൽ, വ്യോമ അതിർത്തികൾ തുറന്നു കൊടുക്കാൻ യു എ ഇ തീരുമാനിച്ചതായി മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്‌സ് ആൻഡ് ഇന്റർനാഷണൽ കോഓപ്പറേഷൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനെത്തുടർന്നാണ് GCAA വ്യോമഗതാഗതം പുനരാരംഭിക്കുന്നതായി അറിയിച്ചത്.

ഖത്തറുമായുള്ള നയതന്ത്രബന്ധങ്ങൾ പുനഃസ്ഥാപിക്കാൻ സൗദി അറേബ്യ, യു എ ഇ, ഈജിപ്ത്, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾ സൗദിയിലെ അൽ ഉലയിൽ വെച്ച് ജനുവരി അഞ്ചിന് നടന്ന ജി സി സി ഉച്ചകോടിയിൽ കരാറിലേർപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ഖത്തറുമായുള്ള എല്ലാ അതിർത്തികളും തുറക്കാൻ യു എ ഇ തീരുമാനിച്ചിട്ടുള്ളത്. ജി സി സി അംഗരാജ്യങ്ങൾക്കിടയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും, തർക്കങ്ങൾക്കും, ഉപരോധത്തിനും പരിഹാരം കാണുന്നതിനുമായുള്ള പ്രവർത്തനങ്ങൾ നിറവേറ്റുന്നതിനുള്ള നടപടികൾ ഈ കരാറിന്റെ ഭാഗമായി ഈ രാജ്യങ്ങൾ കൈക്കൊള്ളുമെന്ന് കരാറിൽ വ്യക്തമാക്കിയിരുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമഗതാഗതം പുനരാരംഭിക്കാനുള്ള നടപടികൾ യു എ ഇയിലെ സിവിൽ വ്യോമയാന അധികൃതരുമായും, യു എ ഇയിലെ ദേശീയ വിമാനകമ്പനികളുമായും ചർച്ച ചെയ്ത് നടപ്പിലാക്കുമെന്ന് GCAA വ്യക്തമാക്കി.