ഖത്തർ: ഹയ്യ കാർഡ് ഇല്ലാതെ ജി സി സി രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകി

featured GCC News

ജി സി സി രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും, പ്രവാസികൾക്കും ഹയ്യ കാർഡ് കൂടാതെ തന്നെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2022 ഡിസംബർ 6-ന് ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഹയ്യ കാർഡ് ഇല്ലാത്ത ജി സി സി നിവാസികൾക്ക് 2022 ഡിസംബർ 6 മുതൽ വിമാനമാർഗം ഖത്തറിലേക്ക് പ്രവേശിക്കാവുന്നതാണ്. ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റില്ലാത്ത ഫുട്ബാൾ ആരാധകർക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

ഖത്തറിലെ വിമാനത്താവളങ്ങളിലൂടെയാണ് ഇത്തരം യാത്രികർക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. രാജ്യത്തിന്റെ കര അതിർത്തികളിലൂടെ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡിസംബർ 8 മുതൽ ഇതിനുള്ള അനുമതി നൽകുന്നതാണ്.

എന്നാൽ കര അതിർത്തികളിലൂടെ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർ, രാജ്യത്തേക്ക് പ്രവേശിക്കാൻ ഉദ്ദേശിക്കുന്ന സമയത്തിന് 12 മണിക്കൂർ മുൻപെങ്കിലും ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ പോർട്ടലിലൂടെ എൻട്രി പെർമിറ്റ് നേടിയിരിക്കണം. ഇത്തരം എൻട്രി പെർമിറ്റുകൾക്ക് ഫീസ് ഏർപ്പെടുത്തിയിട്ടില്ല.