ജിസിസി രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വാഹനങ്ങൾക്ക് 90 ദിവസത്തിൽ കൂടുതൽ സൗദി അറേബ്യയിൽ തങ്ങാനാകില്ല

GCC News

ജിസിസി രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വാഹനങ്ങൾക്ക് ഒരു വർഷത്തെ കാലയളവിൽ 90 ദിവസത്തിൽ കൂടുതൽ സൗദി അറേബ്യയിൽ തങ്ങാൻ അനുമതി നൽകില്ലെന്ന് അധികൃതർ അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

90 ദിവസത്തെ ഈ കാലയളവ് (തുടർച്ചയായോ, അല്ലാത്തതോ) സൗദി കസ്റ്റംസ് തുറമുഖങ്ങൾ വഴി വാഹനം രാജ്യത്ത് പ്രവേശിച്ച തീയതി മുതൽ കണക്കാക്കുന്നതാണ്.

ജിസിസി രാജ്യങ്ങളിൽ ഏതെങ്കിലുമൊന്നിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വാഹനങ്ങൾ രാജ്യത്ത് തുടരുന്നത് നിയന്ത്രിക്കുന്നത് സംബന്ധിച്ച നിബന്ധനകൾക്ക് സൗദി മന്ത്രിമാരുടെ കൗൺസിൽ രൂപം നൽകിയിട്ടുണ്ട്. ഇത്തരം വാഹനങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനും രജിസ്ട്രേഷൻ ഇല്ലാതെ ദീർഘകാലത്തേക്ക് രാജ്യത്ത് തുടരുന്ന വാഹനങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കുറയ്ക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു.

ജിസിസി രാജ്യങ്ങളിലെ ലൈസൻസുള്ള സ്ഥാപനങ്ങളിൽ നിന്ന് വാടകയ്‌ക്കെടുത്തിട്ടുള്ള വാഹനങ്ങൾ ഒഴികെ, സൗദി പൗരന്മാരുടെയോ, പ്രവാസികളുടെയോ ഉടമസ്ഥതയിലുള്ള വാഹനങ്ങൾക്കും ഈ നിയന്ത്രണങ്ങൾ ബാധകമാണ്.

എന്നാൽ ആവശ്യമെങ്കിൽ ഇത്തരം വാഹനങ്ങൾ സൗദി അറേബ്യയിൽ കൂടുതൽ കാലം തുടരാൻ അനുവദിക്കണമെന്ന് അപേക്ഷിക്കുന്നതിനുള്ള അവസരം വാഹന ഉടമകൾക്ക് നൽകുന്നതിനുള്ള വ്യവസ്ഥകൾ ഈ നിയന്ത്രണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അനുവദനീയമായ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഇത് നീട്ടി ലഭിക്കുന്നതിനുള്ള അപേക്ഷ സൗദി ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിക്കാൻ വാഹന ഉടമയ്‌ക്കോ അംഗീകൃത ഡ്രൈവർക്കോ ചട്ടങ്ങൾ അനുവദിക്കുന്നുണ്ട്.

ഇത്തരം ഓരോ അപേക്ഷകളും മന്ത്രാലയം അതിന്റെ വിവേചനാധികാരത്തിൽ അവലോകനം ചെയ്യുന്നതും ആവശ്യമായ തീരുമാനം കൈക്കൊള്ളുന്നതുമാണ്.