ജിടെക്സ് ഗ്ലോബൽ 2022: ഒക്ടോബർ 10 മുതൽ 14 വരെ; അയ്യായിരത്തോളം കമ്പനികൾ പങ്കെടുക്കും

featured GCC News

ലോകത്തെ ഏറ്റവും വലിയ ടെക്നോളജി പ്രദർശനങ്ങളിലൊന്നായ ജിടെക്സ് ഗ്ലോബൽ 2022 ഒക്ടോബർ 10 മുതൽ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിക്കും. ആഗോളതലത്തിലെ ഏറ്റവും നൂതനമായ സാങ്കേതികവിദ്യകൾ അവതരിപ്പിക്കുന്ന കമ്പനികളും, സാങ്കേതികവിദഗ്‌ദ്ധരും ഈ മേളയിൽ പങ്കെടുക്കും.

വെബ് 3.0 സമ്പദ്‌വ്യവസ്ഥ യാഥാർഥ്യമാക്കുന്നതിന്റെ വിവിധ വശങ്ങൾ പരിശോധിക്കുന്ന ജിടെക്സ് ഗ്ലോബൽ 2022 ഒക്ടോബർ 10 മുതൽ 14 വരെയാണ് നടക്കുന്നത്. ഇത്തവണത്തെ ജിടെക്സ് ഗ്ലോബൽ പ്രദർശനത്തിൽ അയ്യായിരത്തോളം കമ്പനികൾ പങ്കെടുക്കുമെന്ന് യു എ ഇ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗം സഹമന്ത്രി H.E. ഒമർ അൽ ഉലമ അറിയിച്ചു.

2022 സെപ്റ്റംബർ 30-ന് നടന്ന ജിടെക്സ് ഗ്ലോബൽ 2022 ഔദ്യോഗിക പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 90 രാജ്യങ്ങളിൽ നിന്നുള്ള അയ്യായിരത്തോളം കമ്പനികൾ പങ്കെടുക്കുന്ന ഈ പ്രദർശനത്തിന് രണ്ട് ദശലക്ഷം സ്‌ക്വയർ ഫീറ്റ് വിസ്‌തൃതിയുണ്ടായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. “ഇത് ജിടെക്സ് ഗ്ലോബൽ 2022-നെ ലോകത്തെ തന്നെ ഏറ്റവും വലിയ ടെക് പ്രദർശനമാക്കി തീർക്കുന്നു.”, അദ്ദേഹം കൂട്ടിച്ചേർത്തു.

മെറ്റാവേഴ്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വെബ് 3.0, ബ്ലോക്ക്ചെയിൻ, 6G, ക്‌ളൗഡ്‌ കമ്പ്യൂട്ടിങ്ങ്, ബിഗ് ഡാറ്റ തുടങ്ങിയ സാങ്കേതികമേഖലകളിലെ അതിനൂതനമായ അപ്ലിക്കേഷനുകൾ ജിടെക്സ് ഗ്ലോബൽ 2022-ൽ പ്രദർശിപ്പിക്കുന്നതാണ്.