2022 ഒക്ടോബർ 25 മുതൽ ആരംഭിക്കാനിരിക്കുന്ന ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തേഴാം സീസണിൽ അതിഥികൾക്ക് ആകാശത്ത് നിന്നുള്ള അത്യാകർഷകമായ കാഴ്ച്ചാനുഭവങ്ങൾ ആസ്വദിക്കുന്നതിനുള്ള അവസരം ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു. ഇതിനായി ‘ഗ്ലോബൽ വില്ലേജ് ബിഗ് ബലൂൺ’ എന്ന ഹീലിയം ബലൂൺ ഒരുങ്ങിക്കഴിഞ്ഞു.
തറനിരപ്പിൽ നിന്ന് ഏതാണ്ട് 200 അടി ഉയരത്തിൽ നിന്നുള്ള കാഴ്ച്ചകൾ ഈ ഹീലിയം ബലൂൺ റൈഡിലൂടെ സന്ദർശകർക്ക് ലഭിക്കുന്നതാണ്. ഒരേ സമയം 20 പേർക്ക് ഗ്ലോബൽ വില്ലേജ് ബിഗ് ബലൂണിൽ സഞ്ചരിക്കാവുന്നതാണ്.

ഒരു ആറ് നില കെട്ടിടത്തിന്റെ ഉയരമുള്ള ഈ ഹീലിയം ബലൂണിന്റെ വ്യാസം 65 അടിയാണ്. ഈ ബലൂണിൽ സഞ്ചരിക്കുന്നവർക്ക് ആകാശത്ത് നിന്നുള്ള ഗ്ലോബൽ വില്ലജ് വേദിയുടെ 360 ഡിഗ്രി ദൃശ്യങ്ങൾ ആസ്വദിക്കാവുന്നതാണ്. ഗ്ലോബൽ വില്ലേജിൽ നിന്ന് കിലോമീറ്ററുകൾ ദൂരെ നിന്ന് തന്നെ ഈ ബലൂൺ ദൃശ്യമാകുന്നതാണ്.
ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തേഴാം സീസൺ 2022 ഒക്ടോബർ 25 മുതൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് 2022 ഓഗസ്റ്റ് 4-ന് അധികൃതർ അറിയിച്ചിരുന്നു.