ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തൊമ്പതാം സീസൺ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സംഘാടകർ പുറത്ത് വിട്ടു. ഒക്ടോബർ 7-നാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച പ്രത്യേക അറിയിപ്പ് നൽകിയത്.
ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തൊമ്പതാം സീസൺ 2024 ഒക്ടോബർ 16 മുതൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. 2024 ഒക്ടോബർ 16-ന് ആരംഭിക്കുന്ന ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തൊമ്പതാം സീസൺ 2025 മെയ് 11 വരെ നീണ്ട് നിൽക്കും.
മേഖലയിലെ ഏറ്റവും വലിയ കലാ സാംസ്കാരിക വാണിജ്യ മേളയാണ് ഗ്ലോബൽ വില്ലേജ്. സന്ദർശകർക്ക് മികച്ച അനുഭവങ്ങൾ നൽകുന്നതിന്റെ ഭാഗമായി പുതിയ സീസണിൽ കൂടുതൽ വിനോദാകർഷണങ്ങളും, ഷോപ്പിംഗ് അവസരങ്ങളും, ആഗോളതലത്തിൽ നിന്നുള്ള ഭക്ഷ്യവിരുന്നുകളും ഉൾപ്പെടുത്തുന്നതാണ്.
ഇത്തവണത്തെ ഗ്ലോബൽ വില്ലേജിൽ റെസ്റ്ററെന്റ് പ്ലാസ, മൂന്ന് പുതിയ സാംസ്കാരിക പവലിയനുകൾ തുടങ്ങിയ ആകർഷണങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. റയിൽവേ മാർക്കറ്റ്, ഫ്ലോട്ടിങ് മാർക്കറ്റ്, ഫിയസ്റ്റ സ്ട്രീറ്റ് മുതലായ ആകർഷണങ്ങൾ സന്ദർശകർക്ക് എക്കാലവും സൂക്ഷിച്ച് വെക്കാവുന്ന ദൃശ്യങ്ങൾ പകർത്തുന്നതിന് അവസരമൊരുക്കുന്നു.
ഗ്ലോബൽ വില്ലേജിലെ കാർണവൽ ഫൺ ഫെയർ മേഖലയ്ക്കരികിലായാണ് പുതിയ റെസ്റ്ററെന്റ് പ്ലാസ ഒരുക്കിയിരിക്കുന്നത്. ഇതിൽ കാഴ്ച്ചകൾ ആസ്വദിക്കാവുന്ന തരത്തിലുള്ള ഇരുനിലകളുള്ള പതിനൊന്ന് റെസ്റ്ററന്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. റെസ്റ്ററെന്റ് പ്ലാസയിലെത്തുന്ന സന്ദർശകർക്ക് ലൈവ് ഷോകൾ, മറ്റു കലാപ്രകടനങ്ങൾ എന്നിവ രസിച്ച് കൊണ്ട് രുചികരമായ ഭക്ഷണപാനീയങ്ങൾ ആസ്വദിക്കുന്നതിന് അവസരം ലഭിക്കുന്നു.
മൂന്ന് പുതിയ സാംസ്കാരിക പവലിയനുകൾ കൂടി ആരംഭിക്കുന്നതോടെ ഗ്ലോബൽ വില്ലേജിൽ 90-ൽ പരം സംസ്കാരങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ആകെ പവലിയനുകളുടെ എണ്ണം മുപ്പതായി മാറുന്നതാണ്. വിവിധ സംസ്കാരങ്ങളിൽ നിന്നുള്ള കാഴ്ചകൾ, വിപണനവസ്തുക്കൾ, വ്യാപാരശാലകൾ തുടങ്ങിയവ കൊണ്ട് സമ്പന്നമാണ് ഈ ഓരോ പവലിയനുകളും.
Cover Image: Dubai Media Office.