ദുബായ്: ഗ്ലോബൽ വില്ലേജ് മുപ്പതാം സീസൺ ഇന്ന് ആരംഭിക്കും

GCC News

ഗ്ലോബൽ വില്ലേജിന്റെ മുപ്പതാം സീസൺ ഇന്ന് (2025 ഒക്ടോബർ 15, ബുധനാഴ്ച) ആരംഭിക്കും. ‘കൂടുതൽ അത്ഭുതകരമായ ഒരു ലോകം’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ ഗ്ലോബൽ വില്ലേജ് സംഘടിപ്പിക്കുന്നത്.

ഒക്ടോബർ 15-ന് വൈകീട്ട് 6 മണിക്കാണ് ഗ്ലോബൽ വില്ലേജിന്റെ മുപ്പതാം സീസൺ ആരംഭിക്കുന്നത്. ഗ്ലോബൽ വില്ലേജിന്റെ മുപ്പതാം സീസൺ 2026 മെയ് 10 വരെ നീണ്ട് നിൽക്കും.

മേഖലയിലെ ഏറ്റവും വലിയ കലാ സാംസ്‌കാരിക വാണിജ്യ മേളയാണ് ഗ്ലോബൽ വില്ലേജ്. സന്ദർശകർക്ക് മികച്ച അനുഭവങ്ങൾ നൽകുന്നതിന്റെ ഭാഗമായി പുതിയ സീസണിൽ കൂടുതൽ വിനോദാകർഷണങ്ങളും, ഷോപ്പിംഗ് അവസരങ്ങളും, ആഗോളതലത്തിൽ നിന്നുള്ള ഭക്ഷ്യവിരുന്നുകളും ഉൾപ്പെടുത്തുന്നതാണ്.

ഇത്തവണത്തെ ഗ്ലോബൽ വില്ലേജിൽ 90-ൽ പരം ആഗോള സംസ്കാരങ്ങളെ അവതരിപ്പിക്കുന്ന മുപ്പത് പവലിയനുകളുണ്ട്. 3500-ൽ പരം വില്പനശാലകൾ, 250-ലധികം ഭക്ഷണശാലകൾ, 40500-ൽ പരം കലാപരിപാടികൾ, 200-ലധികം റൈഡുകൾ തുടങ്ങിയവ ഇത്തവണത്തെ ഗ്ലോബൽ വില്ലേജിന്റെ പ്രത്യേകതകളാണ്.