യു എ ഇ: മെയ് 16 മുതൽ സർക്കാർ ജീവനക്കാർ ഓഫീസുകളിൽ നേരിട്ട് ഹാജരാകും

UAE

2021 മെയ് 16, ഞായറാഴ്ച്ച മുതൽ രാജ്യത്തെ മുഴുവൻ സർക്കാർ ജീവനക്കാരും ഓഫീസുകളിൽ നേരിട്ട് ഹാജരാകണമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിച്ചു. COVID-19 വ്യാപന പശ്ചാത്തലത്തിൽ ജീവനക്കാർക്ക് വീടുകളിൽ നിന്ന് ജോലി ചെയ്യുന്നതിനുള്ള അനുമതികൾ ഉൾപ്പടെയുള്ള പ്രത്യേക ഇളവുകൾ മെയ് 16 മുതൽ പിൻവലിക്കുന്നതായി സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

മെയ് 10-നാണ് FAHR ഇക്കാര്യം അറിയിച്ചത്. യു എ ഇ ക്യാബിനറ്റ് ജനറൽ സെക്രട്ടേറിയറ്റ്, ആരോഗ്യ മന്ത്രാലയം എന്നിവരുമായി സംയുക്തമായാണ് FAHR ഈ തീരുമാനം പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ വിദൂര പഠനപദ്ധതി പ്രകാരം അധ്യയനം തുടരുന്ന കുട്ടികളുള്ള വനിതാ ജീവനക്കാർക്ക് ഈ തീരുമാനത്തിൽ ഇളവ് അനുവദിക്കുമെന്ന് FAHR അറിയിച്ചിട്ടുണ്ട്. ഇവർക്ക് ഈ അധ്യയന വർഷം അവസാനിക്കുന്നത് വരെ ഇളവുകൾ തുടരുന്നതാണ്.

ഇതുവരെ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത ജീവനക്കാർക്ക് ആഴ്ച്ച തോറും PCR ടെസ്റ്റ് നിർബന്ധമാണ്. ഇതിന്റെ ചെലവ് ജീവനക്കാർ സ്വയം വഹിക്കേണ്ടതാണ്. അസുഖങ്ങളോ, മറ്റു ആരോഗ്യ അവസ്ഥകളോ മൂലം വാക്സിൻ സ്വീകരിക്കാനാകാത്ത ജീവനക്കാർക്ക്, ഇത് തെളിയിക്കുന്ന മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കുന്ന പക്ഷം PCR പരിശോധനകൾ തൊഴിലുടമയുടെ ചെലവിൽ നടത്താവുന്നതാണ്.