രാജ്യത്തെ വിദ്യാലയങ്ങളിലെയും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും 12 വയസിന് മുകളിൽ പ്രായമുള്ള, COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാകാത്തവരായ, വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 12, ഞായറാഴ്ച്ച മുതൽ ഹാജർ അനുവദിക്കില്ലെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. ഇവർക്ക് COVID-19 വാക്സിന്റെ 2 ഡോസ് കുത്തിവെപ്പുകൾ എടുക്കുന്നത് വരെ വരെ വിദ്യാലയങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ലെന്നും, ഇവർ അവധി എടുത്തതായി കണക്കാക്കുമെന്നും മന്ത്രലായം അറിയിച്ചിട്ടുണ്ട്.
COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത 12 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക്, പുതിയ അധ്യയന വർഷത്തിൽ, വിദ്യാലയങ്ങളിൽ ഹാജർ അനുവദിക്കില്ലെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഈ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് വാക്സിനെടുക്കുന്നതിനായി രണ്ടാഴ്ച്ചത്തെ അധിക സമയം അനുവദിക്കുമെന്നും, ഇത്തരം വിദ്യാർത്ഥികളെ ഈ കാലയളവിൽ ഹാജരല്ലാത്തവരായി കണക്കാക്കില്ലെന്നും സൗദി വിദ്യാഭ്യാസ മന്ത്രാലയം ഓഗസ്റ്റ് 29-ന് അറിയിച്ചിരുന്നു.
രാജ്യത്തെ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവർക്ക് മന്ത്രാലയം ഈ ഇളവ് നൽകിയിരുന്നു. ഈ ഇളവ് കാലാവധിയാണ് സെപ്റ്റംബർ 12-ന് അവസാനിക്കുന്നത്. മുഴുവൻ വിദ്യാർത്ഥികളോടും എത്രയും വേഗം വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
സൗദി അറേബ്യയിലെ ഇന്റർമീഡിയറ്റ്, സെക്കന്ററി ലെവൽ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള പഠനം 2021 ഓഗസ്റ്റ് 29, ഞായറാഴ്ച്ച മുതൽ പുനരാരംഭിച്ചിരുന്നു.