സൗദി അറേബ്യ ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങളിൽ റമദാൻ ഒന്ന് വ്യാഴാഴ്ച

Saudi Arabia

സൗദി അറേബ്യ, കുവൈറ്റ്, ബഹ്‌റൈൻ, ഖത്തർ എന്നീ രാജ്യങ്ങളിൽ ഈ വർഷത്തെ റമദാനിലെ ആദ്യ ദിനം 2023 മാർച്ച് 23, വ്യാഴാഴ്ച്ചയായിരിക്കും.

മാർച്ച് 21-ന് മാസപ്പിറവി ദൃശ്യമായതിന്റെ തെളിവുകൾ ലഭ്യമാകാത്തതിനാൽ മാർച്ച് 22, ബുധനാഴ്ച ശഅബാൻ മാസത്തിലെ അവസാന ദിനമായിരിക്കുമെന്നും, മാർച്ച് 23 മുതൽ റമദാൻ ആരംഭിക്കുമെന്നും സൗദി സുപ്രീം കോർട്ട് അറിയിച്ചു. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കുവൈറ്റിൽ റമദാൻ 2023 മാർച്ച് 23 മുതൽ ആരംഭിക്കുമെന്ന് കുവൈറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുവൈറ്റ് മൂൺ സൈറ്റിങ്ങ് കമ്മിറ്റിയെ ഉദ്ധരിച്ചാണ് കുവൈറ്റ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

രാജ്യത്ത് റമദാൻ ഒന്ന് മാർച്ച് 23, വ്യാഴാഴ്ച്ചയായിരിക്കുമെന്ന് ബഹ്‌റൈൻ മൂൺ സൈറ്റിങ്ങ് കമ്മിറ്റി അറിയിച്ചു. ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഖത്തറിലെ ക്രെസെന്റ്റ് സൈറ്റിങ്ങ് കമ്മിറ്റിയും സമാനമായ അറിയിപ്പ് നൽകിയിട്ടുണ്ട്.