വിദേശത്ത് നിന്ന് ഹജ്ജ് അനുഷ്ഠിക്കുന്നതിനായി സൗദി അറേബ്യയിലേക്കെത്തുന്ന തീർത്ഥാടകർ തങ്ങളുടെ കൈവശം 60000 റിയാലിൽ കൂടുതൽ മൂല്യമുള്ള പണം, വസ്തുക്കൾ എന്നിവ ഉണ്ടെങ്കിൽ, അവയുടെ വിവരങ്ങൾ അധികൃതരുമായി പങ്ക് വെക്കണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. 2024 മെയ് 23-നാണ് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ഇത് സംബന്ധിച്ച ഒരു അറിയിപ്പ് നൽകിയത്.
സൗദി അറേബ്യയിലേക്ക് വിദേശത്ത് നിന്ന് പ്രവേശിക്കുന്ന മുഴുവൻ തീർത്ഥാടകർക്കും ഈ നിബന്ധനകൾ ബാധകമാണ്. തീർത്ഥാടകർ ഹജ്ജിന് ശേഷം സൗദിയിൽ നിന്ന് വിദേശത്തേക്ക് തിരികെ മടങ്ങുന്ന അവസരത്തിലും ഈ നിബന്ധനകൾ ബാധകമാണ്.
ഈ അറിയിപ്പ് പ്രകാരം ഹജ്ജ് തീർത്ഥാടകർ താഴെ പറയുന്ന സാഹചര്യങ്ങളിൽ കസ്റ്റംസ് ഡിക്ലറേഷൻ നൽകാൻ ബാധ്യസ്ഥരാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്:
- തീർത്ഥാടകർ തങ്ങളുടെ കൈവശം 60000 റിയാലിൽ കൂടുതൽ മൂല്യമുള്ള സൗദി കറൻസി അല്ലെങ്കിൽ വിദേശ കറൻസി കൈവശം സൂക്ഷിച്ചിട്ടുള്ള സാഹചര്യത്തിൽ.
- 60000 റിയാലിൽ കൂടുതൽ മൂല്യമുള്ള വസ്തുക്കൾ കൈവശം സൂക്ഷിച്ചിട്ടുള്ള സാഹചര്യത്തിൽ.
- മൂവായിരം സൗദി റിയാലിൽ കൂടുതൽ വിലവരുന്ന വാണിജ്യ ഉത്പന്നങ്ങൾ കൈവശം സൂക്ഷിച്ചിട്ടുള്ള സാഹചര്യത്തിൽ.
- സൗദിയിലേക്ക് കൊണ്ട് വരുന്നതിന് വിലക്കുള്ള പുരാവസ്തുക്കൾ പോലുള്ളവ കൈവശം സൂക്ഷിച്ചിട്ടുള്ള സാഹചര്യത്തിൽ.
- എക്‌സൈസ് ടാക്‌സിന്റെ പരിധിയിൽ വരുന്ന സാധനങ്ങൾ കൈവശം സൂക്ഷിച്ചിട്ടുള്ള സാഹചര്യത്തിൽ.
സൗദി അറേബ്യയിലേക്കുള്ള തീർത്ഥാടകരുടെ പ്രവേശന നടപടിക്രമങ്ങൾ, തിരികെ മടങ്ങുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ എന്നിവ സുഗമമാക്കുന്നതിന് കസ്റ്റംസ് അധികൃതർക്ക് നൽകുന്ന ഈ സത്യവാങ്ങ്മൂലം സഹായകമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കസ്റ്റംസ് ഡിക്ലറേഷൻ നൽകാതെ ഇത്തരം വസ്തുക്കൾ കൈവശം സൂക്ഷിക്കുന്നത് നിയമനടപടികളിലേക്ക് നയിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
Cover Image: Saudi Press Agency.