ഖത്തർ: ഒരു വർഷത്തിനിടയിൽ 50 ദശലക്ഷം യാത്രികർ എന്ന നേട്ടവുമായി ഹമദ് ഇന്റർനാഷണൽ എയർപോർട്ട്

featured GCC News

പന്ത്രണ്ട് മാസത്തെ കാലയളവിനുള്ളിൽ 50 ദശലക്ഷത്തിലധികം യാത്രികർക്ക് യാത്രാ സേവനങ്ങൾ നൽകി എന്ന നേട്ടം കൈവരിച്ചതായി ഹമദ് ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ അറിയിച്ചു. 2024 മെയ് 24-നാണ് ഖത്തർ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഹമദ് ഇന്റർനാഷണൽ എയർപോർട്ട് പ്രവർത്തനമാരംഭിച്ച് പത്ത് വർഷമാകുന്ന വേളയിലാണ് ഈ നേട്ടം കൈവരിക്കുന്നത്. ആഗോള വ്യോമയാന മേഖലയിൽ ഈ വിമാനത്താവളം കൈവരിച്ചിട്ടുള്ള വളർച്ചയ്ക്കും, തന്ത്രപരമായ സ്ഥാനത്തിനും അടിവരയിടുന്നതാണ് ഈ നേട്ടം.

2023-ൽ ഈ എയർപോർട്ട് ഉപയോഗപ്പെടുത്തിയ വിദേശ യാത്രികരുടെ എണ്ണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 58% വർദ്ധനവ് രേഖപ്പെടുത്തിയതായും വിമാനത്താവള അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആഗോള യാത്രികരുടെ ഇടയിലെ ഒരു പ്രമുഖ ലക്ഷ്യസ്ഥാനം എന്ന നിലയിൽ ദോഹ കൈവരിച്ചിട്ടുള്ള പ്രാധാന്യം വെളിപ്പെടുത്തുന്നതാണ് ഈ കണക്കുകൾ.