ലോകത്തെ ഏറ്റവും മനോഹരമായ അമ്പത് ചെറുനഗരങ്ങളിലൊന്നായി കോണ്ടേ നാസ്റ്റ് ട്രാവലർ ദുബായിലെ ഹത്തയെ തിരഞ്ഞെടുത്തു. 2023 മെയ് 21-ന് ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്.
ദുബായിയുടെ പരിസര പ്രദേശങ്ങളിലെ മനോഹരമായ ഇടങ്ങളെ സംരക്ഷിക്കുന്നതിനും, വികസിപ്പിക്കുന്നതിനുമുള്ള ദുബായ് ഭരണാധികാരിയുടെ നയത്തിനുള്ള അംഗീകാരമാണ് ഈ നേട്ടമെന്ന് ഷെയ്ഖ് ഹംദാൻ ട്വിറ്ററിൽ കുറിച്ചു.

ഹത്ത മേഖലയിലെ ടൂറിസം വികസനത്തിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾക്കും, പദ്ധതികൾക്കുമുള്ള അംഗീകാരമാണ് ഈ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിനോദസഞ്ചാരികൾക്ക് ദുബായിൽ നിന്ന് ഹത്തയിലേക്കെത്തുന്നതിനായുള്ള എക്‌സ്പ്രസ് ബസ് സർവീസ്, ഹത്തയിലെത്തുന്നവർക്ക് യാത്രാസേവനങ്ങൾ നൽകുന്നതിനായുള്ള പ്രാദേശിക ബസ് റൂട്ടുകൾ എന്നിവ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അടുത്തിടെ ആരംഭിച്ചിരുന്നു.
ഹത്തയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് സർക്കുലർ രീതിയിൽ യാത്രാ സേവനങ്ങൾ നൽകുന്ന രീതിയിലാണ് ‘H04 ഹത്ത ഹോപ് ഓൺ ഹോപ് ഓഫ്’ എന്ന പ്രാദേശിക ടൂറിസ്റ്റ് ബസ് സർവീസ് ഒരുക്കിയിരിക്കുന്നത്.
Cover Image: @HamdanMohammed.