ഒമാൻ: കനത്ത മഴ തുടരുന്നു; വിവിധ ഇടങ്ങളിൽ ഗതാഗതം തടസപ്പെട്ടു; മസ്‌കറ്റിലെ വാക്സിനേഷൻ നടപടികൾ നിർത്തിവെച്ചു

Oman

രാജ്യത്ത് രൂപം കൊണ്ടിട്ടുള്ള ന്യൂനമർദ്ദത്തിന്റെ പ്രഭാവം മൂലം ഒമാനിലെ വിവിധ ഇടങ്ങളിൽ അനുഭവപ്പെടുന്ന മഴ ഇന്നും (2022 ജനുവരി 4, ചൊവ്വാഴ്ച്ച) ശക്തമായി തുടരുകയാണ്. കനത്ത മഴമൂലം ഒമാനിലെ വിവിധ ഇടങ്ങളിൽ ചൊവ്വാഴ്ച്ച രാവിലെ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.

മസ്കറ്റ് ഗവർണറേറ്റിലെ മസ്കറ്റ് ഓൾഡ് എയർപോർട്ടിൽ നിന്ന് നൽകി വന്നിരുന്ന COVID-19 വാക്സിനേഷൻ നടപടികൾ മോശം കാലാവസ്ഥയെത്തുടർന്ന് ചൊവ്വാഴ്ച്ച രാവിലെ നിർത്തിവെച്ചിട്ടുണ്ട്. മിക്ക ഗവർണറേറ്റുകളിലും ചൊവ്വാഴ്ച്ചയും വിദ്യാലങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്.

കനത്ത മഴയെത്തുടർന്ന് അമീറത്തിൽ നിന്ന് ബൗഷർ മൗണ്ടൈൻ റോഡിലേക്കുള്ള അൽ ജബൽ സ്ട്രീറ്റ് താത്‌കാലികമായി അടച്ചതായി ജനുവരി 4-ന് രാവിലെ എട്ടരയോടെ റോയൽ ഒമാൻ പോലീസ് അറിയിച്ചിട്ടുണ്ട്. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഈ റോഡിൽ ഗതാഗതം അനുവദിക്കുന്നതല്ല.

ഇതിന് പുറമെ, നോർത്ത് അൽ ബത്തീന ഗവർണറേറ്റിലെ ലിവ റൌണ്ട് എബൗട്ട്, മസ്കറ്റ് എക്സ്പ്രസ് വേയിലെ റുസെയ്ൽ മേഖലയിൽ നിസ്‌വ റോഡ് എക്സിറ്റ് തുടങ്ങിയ ഇടങ്ങളിൽ ജനുവരി 4-ന് രാവിലെ ഗതാഗത തടസം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മഴ മൂലം കാഴ്ച്ച മറയുന്ന സാഹചര്യങ്ങളിൽ റോഡിൽ അതീവ ശ്രദ്ധ പുലർത്താൻ ഡ്രൈവർമാരോട് റോയൽ ഒമാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ വാഹനങ്ങളുടെ ലൈറ്റുകൾ തെളിയിക്കാനും, കാഴ്ച്ച തെളിയുന്നത് വരെ വാഹനങ്ങൾ സുരക്ഷിതമായി നിർത്തിയിടാനും പോലീസ് നിർദ്ദേശിച്ചു. വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന ഇടങ്ങളിൽ നിന്ന് മാറി നിൽക്കാനും പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.

ജനുവരി 4 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി CAA

ഒമാനിലെ ഒട്ടുമിക്ക ഗവർണറേറ്റുകളിലും ജനുവരി 4 വരെ മുപ്പത് മുതൽ എൺപത് മില്ലീമീറ്റർ വരെ രേഖപ്പെടുത്തുന്ന ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

മുസന്ദം, നോർത്ത് അൽ ബത്തിന, സൗത്ത് അൽ ബത്തിന, മസ്കറ്റ്, അൽ ബുറൈമി, അൽ ദഹിരാ, അൽ ദഖ്‌ലിയ, സൗത്ത് അൽ ശർഖിയ, നോർത്ത് അൽ ശർഖിയ തുടങ്ങിയ ഗവർണറേറ്റുകളിൽ ചൊവ്വാഴ്ച്ച വരെ അതിശക്തമായ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് CAA ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് ശരിവെക്കുന്ന രീതിയിലുള്ള മഴയാണ് ചൊവ്വാഴ്ച്ച രാവിലെ ഒമാനിലെ വിവിധ ഇടങ്ങളിൽ അനുഭവപ്പെടുന്നത്.

മഴയോടൊപ്പം കാറ്റിനും, ആലിപ്പഴം പൊഴിയുന്നതിനും സാധ്യതയുണ്ട്. വാദികൾ പോലുള്ള ഇടങ്ങളിൽ പെട്ടന്നുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതായും ഒമാൻ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ജനുവരി 5, ബുധനാഴ്ച്ചയോടെ മഴയുടെ ശക്തി കുറയുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.