പരിസ്ഥിതി സംബന്ധമായ നിയമലംഘനങ്ങൾക്ക് അഞ്ച് മില്യൺ റിയാൽ വരെ പിഴ ചുമത്തുമെന്ന് സൗദി മിനിസ്ട്രി ഓഫ് എൻവിറോണ്മെന്റ്, വാട്ടർ ആൻഡ് അഗ്രികൾച്ചർ അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പരിസ്ഥിതി സംബന്ധമായ നിയമലംഘനങ്ങൾക്ക് ചുമത്തുന്ന ശിക്ഷാ നടപടികൾ ഭേദഗതി ചെയ്തു കൊണ്ട് നടത്തിയ പ്രഖ്യാപനത്തിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം നിയമലംഘനങ്ങൾ നടത്തുന്ന വിദേശികളെ സൗദി അറേബ്യയിൽ നിന്ന് നാട് കടത്തുന്നതാണ്.
ഈ പുതിയ നിബന്ധനകൾ പ്രകാരം, മാലിന്യ നിക്ഷേപം, മലിനജലം ഒഴുക്കിവിടൽ, രാസമാലിന്യങ്ങൾ ഭൂഗർഭ ജലസ്രോതസുകളിലേക്ക് ഒഴുക്കിവിടൽ തുടങ്ങിയ പരിസ്ഥിതി സംബന്ധമായ നിയമലംഘനങ്ങൾ സംബന്ധിച്ച കേസുകൾ ഒരു പ്രത്യേക കോടതിയായിരിക്കും കൈകാര്യം ചെയ്യുന്നത്. വംശനാശഭീഷണി നേരിടുന്ന ജീവിവർഗ്ഗങ്ങളെ വേട്ടയാടുന്നതും, കൊല്ലുന്നതും, വിപണനം ചെയ്യുന്നതും ഉൾപ്പടെയുള്ള നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട കേസുകളും ഈ കോടതിയുടെ മേൽനോട്ടത്തിലായിരിക്കും തീർപ്പാക്കുന്നത്.
മരങ്ങൾ, ചെടികൾ എന്നിവ മുറിക്കുന്നതും, കേടുവരുത്തുന്നതും, അനധികൃതമായി മണ്ണെടുക്കുന്നതും ഉൾപ്പടെയുള്ള ആവർത്തിക്കുന്നതും, അല്ലാത്തതുമായ നിയമലംഘനങ്ങൾ ഒരു പ്രത്യേക ട്രൈബ്യൂണലിന്റെ മേൽനോട്ടത്തിൽ നടത്തുന്നതാണ്. ഇത്തരം നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട വിദേശികളെ നാട് കടത്തുന്നതിന് ബന്ധപ്പെട്ട അധികൃതരിലേക്ക് ശുപാർശ ചെയ്യുന്നതാണ്.
ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർ, അവർ പരിസ്ഥിതിയ്ക്ക് വരുത്തിയിട്ടുള്ള കേടുപാടുകൾ ശെരിയാക്കുന്നതിനുള്ള വ്യവസ്ഥാപിതമായ നടപടികൾ നടത്തേണ്ടതും, പുനരധിവാസ പ്രവർത്തനങ്ങൾ പൂർത്തിയാക്കേണ്ടതുമാണ്.
Cover Image: Saudi Press Agency.