ഹോപ്പ് ബാഹ്യാകാശപേടകം ചൊവ്വായാത്രയുടെ അവസാന ഘട്ടത്തിൽ; ഫെബ്രുവരി 9-ന് ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിക്കും

featured GCC News

അറബ് ലോകത്തിന്റെ ആദ്യത്തെ ഗോളാന്തര പര്യവേഷണ ദൗത്യമായ ‘എമിറേറ്റ്സ് മാർസ് മിഷൻ ഹോപ്പ് പ്രോബ്’ ചൊവ്വായാത്രയുടെ അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. ചൊവ്വാഗ്രഹം ലക്ഷ്യമാക്കി പ്രയാണം ചെയ്യുന്ന ഹോപ്പ് ബാഹ്യാകാശപേടകം 2021 ഫെബ്രുവരി 9, ചൊവ്വാഴ്ച്ച വൈകീട്ട് 7:42-ന് (7.57 pm GST) ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്നതാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.

ഫെബ്രുവരി 6-ന് രാത്രിയാണ് ഇത് സംബന്ധിച്ച സ്ഥിരീകരണം ഉണ്ടായത്. യു എ ഇയുടെ ചരിത്രപരമായ ചൊവ്വാ ദൗത്യത്തിനുള്ള ഹോപ്പ് ബാഹ്യാകാശപേടകം ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിക്കുന്ന കൃത്യ തീയ്യതി, സമയം എന്നിവ 2020 നവംബർ 8-ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിലൂടെ പുറത്ത് വിട്ടിരുന്നു.

ചൊവ്വാഗ്രഹം ലക്ഷ്യമാക്കി കുതിക്കുന്ന ഹോപ്പ് ബാഹ്യാകാശപേടകത്തിന്റെ വേഗത കുറയ്ക്കുന്നതിനായി, ഹോപ്പിൽ ഘടിപ്പിച്ചിട്ടുള്ള ആറ് ഡെൽറ്റ-V റോക്കറ്റുകൾ പ്രവർത്തിപ്പിക്കുന്നതോടെ ഹോപ്പ് ബാഹ്യാകാശപേടകത്തെ ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് പ്രവേശിപ്പിക്കുന്ന മാർസ് ഓർബിറ്റ് ഇൻസെർഷൻ (MOI) നടപടികൾക്ക് തുടക്കമാകും. മണിക്കൂറിൽ 121000 കിലോമീറ്റർ വേഗതയിൽ കുതിച്ച് കൊണ്ടിരിക്കുന്ന പേടകത്തിന്റെ വേഗത മണിക്കൂറിൽ 18000 കിലോമീറ്റർ എന്ന നിലയിലേക്ക് താഴ്ത്തുന്നതിനുള്ള ഈ നടപടികൾ ദൗത്യത്തിന്റെ വിജയത്തിന് ഏറെ നിർണ്ണായകമാണ്.

27 മിനിറ്റ് നേരം ഈ റോക്കറ്റുകൾ പ്രവർത്തിപ്പിക്കുന്നതാണ്. ഇത് ഹോപ്പ് ബാഹ്യാകാശപേടകത്തിന്റെ വേഗത കുറയ്ക്കുന്നതിനും, ഗതി നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. തുടർന്ന് ഭൂമിയിൽ നിന്ന് ഹോപ്പിന്റെ സഞ്ചാരം നിയന്ത്രിക്കുന്ന ടീം ബാഹ്യാകാശപേടകം ചൊവ്വാഗ്രഹത്തിന്റെ ഭ്രമണപഥത്തിലേക്ക് കൃത്യമായി പ്രവേശിച്ചോ എന്ന് സ്ഥിരീകരിക്കുന്നതാണ്.

ഏഴ് മാസത്തെ സഞ്ചാരത്തിന് ശേഷമാണ് ഹോപ്പ് ബഹിരാകാശ പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലേക്കെത്തുന്നത്. ജപ്പാനിലെ തനെഗഷിമ സ്‌പേസ് സെന്ററിൽ നിന്ന്, ജൂലൈ 20-നു പുലര്‍ച്ചെ 1.58-നാണ് (യു.എ.ഇ സമയം) ഹോപ്പ് ബഹിരാകാശ പേടകം വിക്ഷേപണം ചെയ്‌തത്. 7 മാസം കൊണ്ട് ഏതാണ്ട് 493 മില്യൺ കിലോമീറ്റർ യാത്രചെയ്താണ് ഹോപ്പ് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുക. ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ച ശേഷം 687 ദിവസം (ഒരു ചൊവ്വാ വർഷം) ഹോപ്പ് ബാഹ്യാകാശപേടകം ചൊവ്വാഗ്രഹത്തെ വലംവെക്കും. ഈ കാലയളവിൽ ഹോപ്പ് ചൊവ്വയുടെ അന്തരീക്ഷവും, കാലാവസ്ഥയും പഠനവിധേയമാക്കുന്നതാണ്.

ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിക്കുന്ന കൃത്യ തീയ്യതി, സമയം എന്നിവ സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചതോടെ യു എ ഇയിലെ വിവിധ പ്രധാന കെട്ടിടങ്ങൾ ചുവപ്പ് നിറത്തിലുള്ള അലങ്കാര വെളിച്ചത്തോടെ ഈ ചരിത്ര മുഹൂർത്തത്തെ വരവേൽക്കുന്നതിനായി തയ്യാറെടുത്തു.