അറബ് ലോകത്തിന്റെ ആദ്യത്തെ ഗോളാന്തര പര്യവേക്ഷണ ദൗത്യത്തിന്റെ ഭാഗമായ ഹോപ്പ് ബാഹ്യാകാശപേടകം ചൊവ്വയുടെ ഭ്രമണപഥത്തിൽ രണ്ട് വർഷം പൂർത്തിയാക്കിയതായി യു എ ഇ സ്പേസ് ഏജൻസി അറിയിച്ചു. 2023 ഫെബ്രുവരി 9-നാണ് ഹോപ്പ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തിൽ രണ്ട് വർഷം തുടരുന്നതെന്ന അതിന്റെ പ്രാഥമിക ദൗത്യം പൂർത്തിയാക്കിയത്.
ഇതിനെത്തുടർന്ന് ഹോപ്പ് ബാഹ്യാകാശപേടകത്തിന്റെ ദൗത്യം നീട്ടിയതായും, ഇതിന്റെ ഭാഗമായി ഹോപ്പ് പ്രോബ് ചൊവ്വയുടെ ഉപഗ്രഹങ്ങളിലൊന്നായ ഡെയ്‌മോസിനെക്കുറിച്ച് പഠിക്കുന്നതിനായി പുതിയ ഭ്രമണപഥത്തിലേക്ക് നീങ്ങുമെന്നും യു എ ഇ സ്പേസ് ഏജൻസി വ്യക്തമാക്കി.
ഒരു പ്രത്യേക പത്രസമ്മേളനത്തിലാണ് യു എ ഇ സ്പേസ് ഏജൻസി അധികൃതർ ഇക്കാര്യം അറിയിച്ചത്.
ഏതാണ്ട് 150 കിലോമീറ്ററോളം ഡെയ്‌മോസിന് അരികിലൂടെ സഞ്ചരിക്കുന്ന രീതിയിലാണ് ഹോപ്പ് ബാഹ്യാകാശപേടകത്തിന്റെ ഭ്രമണപഥത്തിൽ മാറ്റം വരുത്തുന്നത്. ചൊവ്വയുടെ രണ്ട് ഉപഗ്രഹങ്ങളിൽ ഏറ്റവും ചെറുതും, ഏറ്റവും അകലെയുള്ളതുമായ ഡെയ്‌മോസിനെക്കുറിച്ച് ഇതുവരെ അറിയാത്ത രഹസ്യങ്ങൾ കണ്ടെത്തുന്നത് ലക്ഷ്യമിട്ടാണ് ഈ നടപടി.
ഇതോടെ ഹോപ്പ് പ്രോബ് ചൊവ്വയുടെ ചുറ്റും അണ്‌ഡാകൃതിയിലുള്ള പുതിയ ഒരു ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്നതാണ്. ഡെയ്‌മോസിനെക്കുറിച്ച് പഠിക്കുന്നതിനോപ്പം, ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചുള്ള വിവരശേഖരണം ഹോപ്പ് പ്രോബ് തുടരുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ചൊവ്വയുടെ മറ്റൊരു ഉപഗ്രഹമായ ഫോബോസിനെ അപേക്ഷിച്ച് ഡെയ്‌മോസിനെക്കുറിച്ചുള്ള നിരീക്ഷണപഠനങ്ങൾ കുറവാണെന്നത് ഈ പുതിയ ദൗത്യത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. മുപ്പത് മണിക്കൂർ എടുത്താണ് ഡെയ്‌മോസ് ചൊവ്വാ ഗ്രഹത്തിന് ചുറ്റുമുള്ള ഒരു പ്രദക്ഷിണം പൂർത്തിയാക്കുന്നത്.
“ഡെയ്‌മോസ് ഉപഗ്രഹത്തെ ലക്ഷ്യമിട്ടുള്ള ദൗത്യം, അന്താരാഷ്ട്ര ശാസ്ത്ര സമൂഹത്തിന് ഇതിനെക്കുറിച്ചുള്ള പുതിയ നിരീക്ഷണങ്ങളും, വിവരങ്ങളും നൽകാൻ ലക്ഷ്യമിടുന്നു. ഗോളാകൃതിയിലല്ലാത്തതും, നിരവധിയായ കുഴികളോട് കൂടിയതുമായ ഡെയ്‌മോസിന്റെ പുതിയ ദൃശങ്ങൾ പകർത്തുന്നതും, വിവരങ്ങൾ ശേഖരിക്കുന്നതും ഈ പുതിയ ദൗത്യത്തിന്റെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു.”, എമിറേറ്റ്സ് മാർസ് മിഷൻ സയൻസ് ലീഡ് ഹെസ്സ അൽ മറ്റ്‌റൂഷി വ്യക്തമാക്കി.
2021 ഫെബ്രുവരി 9, ചൊവ്വാഴ്ച്ച വൈകീട്ട് യു എ ഇ പ്രാദേശിക സമയം 7:42നാണ് ഹോപ്പ് പ്രോബ്’ വിജയകരമായി ചൊവ്വാഗ്രഹത്തിന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചത്.
With inputs from WAM.