കപ്പ കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന, എന്നാൽ അത്യധികം സ്വാദിഷ്ടമായ ഒരു വിഭവമാണ് ഇന്ന് രുചിക്കൂട്ടിൽ.
ആവശ്യമായ ചേരുവകൾ:
കപ്പ (മരച്ചീനി/കൊള്ളി) – 1 കിലോ
ചെറിയ ഉള്ളി – 10 എണ്ണം
വെള്ളുള്ളി – 5 അല്ലി
ചുവന്ന മുളക് – 2 എണ്ണം
മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്
കടുക് – 1 ടീസ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
- കപ്പ തൊലികളഞ്ഞശേഷം നല്ലപോലെ കഴുകി വൃത്തിയാക്കുക. ചെറിയ കഷ്ണങ്ങളാക്കി നുറുക്കി ഒന്ന് കൂടി കഴുകിയ ശേഷം ആവശ്യത്തിന് വെള്ളത്തിൽ ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് കപ്പ നല്ലപോലെ വേവിച്ചെടുക്കുക. നല്ല മയത്തിൽ വെന്തുകിട്ടുന്ന കപ്പയാണ് കൂടുതൽ രുചിയുണ്ടാകുക. വെന്ത ശേഷം ബാക്കിയുള്ള വെള്ളം വാർത്ത് കളയുക.
- ചെറിയ ഉള്ളി, ചുവന്നമുളക്, വെള്ളുള്ളി എന്നിവ ചതച്ചെടുക്കുക.
- ഒരു പാനിൽ വെളിച്ചെണ്ണ എടുത്ത് ചൂടാക്കിയ ശേഷം കടുക് പൊട്ടിക്കുക. ഇതിലേക്ക് ചതച്ചെടുത്ത ഉള്ളി, ചുവന്ന മുളക്, വെള്ളുള്ളി എന്നിവ ചേർത്ത് മൂപ്പിക്കുക.
- ഇതിലേക്ക് വേവിച്ച കപ്പ ചേർത്ത് നല്ല പോലെ ഇളക്കിയോജിപ്പിച്ച ശേഷം കറിവേപ്പില ചേർത്ത് അടുപ്പത്ത് നിന്ന് ഇറക്കുക.
തയാറാക്കിയത്: ഹാംലറ്റ് ഇ, കൊച്ചി