ദുബായ്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് അഹമ്മദാബാദിന്റെ ഇന്റർനാഷണൽ ക്യാമ്പസ് തുറന്നു

featured GCC News

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് അഹമ്മദാബാദിന്റെ (IIMA) ആദ്യത്തെ ഇന്റർനാഷണൽ ക്യാമ്പസ് ദുബായിൽ ആരംഭിച്ചു. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

യു എ ഇ ഡെപ്യൂട്ടി പ്രധാനമന്ത്രിയും, പ്രതിരോധ മന്ത്രിയും, ദുബായ് കിരീടാവകാശിയുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഈ ക്യാമ്പസ് ഉദ്ഘാടനം ചെയ്തത്.

Source: Dubai Media Office.

ആഗോളതലത്തിൽ തന്നെ പ്രശസ്തമായ IIMA-യുടെ ആദ്യ ഇന്റർനാഷണൽ ക്യാമ്പസ് ദുബായ് ഇന്റർനാഷണൽ അക്കാദമിക് സിറ്റിയിലാണ് തുറന്നിരിക്കുന്നത്.

ഈ പ്രശസ്തമായ സ്ഥാപനത്തെ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ദുബായിലേക്ക് സ്വാഗതം ചെയ്തു. യു എ ഇയും ഇന്ത്യയും തമ്മിലുള്ള അതിശക്തമായ ബന്ധങ്ങൾക്കും, വളർന്ന് കൊണ്ടിരിക്കുന്ന പങ്കാളിത്തത്തിനും അടിവരയിടുന്നതാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മികച്ച വിദ്യാർത്ഥികൾക്കും, ആഗോളതലത്തിലുള്ള പ്രതിഭകൾക്കും ഏറ്റവും മികച്ച ഒരു കേന്ദ്രമായി ദുബായ് അതിവേഗം കുതിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് ലോകത്തെ ഏറ്റവും മികച്ച സർവ്വകലാശാലകൾ ദുബായിലേക്ക് ആകർഷിക്കപ്പെടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.