അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ 2021 സെപ്റ്റംബർ 30 വരെ തുടരാൻ തീരുമാനിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു. ഓഗസ്റ്റ് 29-നാണ് ഇന്ത്യൻ അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
“ഇന്ത്യയിലേക്കും, ഇന്ത്യയിൽ നിന്നുമുള്ള അന്താരാഷ്ട്ര യാത്രാ വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്കുകൾ 2021 സെപ്റ്റംബർ 30 11:59pm വരെ തുടരാൻ തീരുമാനിച്ചിരിക്കുന്നു.”, DGCA പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു. ഈ വിലക്കുകൾ ചരക്ക് വിമാനങ്ങൾക്കും, DGCA പ്രത്യേക അനുമതി നൽകിയിട്ടുള്ള വിമാനങ്ങൾക്കും ബാധകമല്ല.
വിദേശരാജ്യങ്ങളിലേക്കും, തിരികെയും സർവീസ് നടത്തുന്ന പ്രത്യേക വിമാനങ്ങൾക്ക് ഓരോ സർവീസിന്റെയും അടിസ്ഥാനത്തിൽ അനുമതി നൽകുന്നത് തുടരുമെന്നും DGCA അറിയിച്ചു.