ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രാ സർവീസുകൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സംരംഭങ്ങളെക്കുറിച്ച് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഗൾഫിലെ ഇന്ത്യൻ അംബാസഡർമാരുമായി കൂടിക്കാഴ്ച നടത്തി. “ഇന്ത്യയുമായുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള വിഷയം ആതിഥേയ രാജ്യങ്ങളുമായി ചർച്ച ചെയ്യാൻ ഞങ്ങളുടെ സ്ഥാനപതികളോട് ആ യോഗത്തിൽ മന്ത്രാലയം അഭ്യർത്ഥിച്ചു.”, വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി.
“ഇന്ത്യയിലെ COVID-19 രോഗസാഹചര്യത്തിൽ നിയന്ത്രണം രേഖപ്പെടുത്തിയതോടെ, ഇന്ത്യയിൽ നിന്നുള്ള യാത്രകൾക്കുള്ള നിയന്ത്രണങ്ങൾ വിവിധ രാജ്യങ്ങൾ ലഘൂകരിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.”, അദ്ദേഹം കൂട്ടിച്ചേർത്തു. ഇറ്റലിയിൽ അടുത്തിടെ സമാപിച്ച G-20 മന്ത്രിസഭായോഗത്തോടനുബന്ധിച്ച് സൗദി വിദേശകാര്യ മന്ത്രിയുമായി നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ ഈ വിഷയം പ്രത്യേകം ഉന്നയിച്ചതായും അരിന്ദം ബാഗ്ചി വ്യക്തമാക്കി.
വിദ്യാർത്ഥികളുടെയും പ്രൊഫഷണലുകളുടെയും യാത്രയും ചലനാത്മകതയും സാധാരണവൽക്കരിക്കുന്നതിനും, വ്യക്തികൾക്ക് തങ്ങളുടെ കുടുംബങ്ങളോടൊപ്പം ഒത്ത് ചേരുന്നതിന് അവസരമൊരുക്കുന്നതിനും ആവശ്യമായ വിഷയങ്ങൾ വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ള വിദേശരാജ്യങ്ങളിലെ ഉദ്യോഗസ്ഥരുമായി ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലേക്ക് മടങ്ങേണ്ട ഇന്ത്യക്കാരെ സഹായിക്കാൻ ഞങ്ങൾ സജീവമായി ശ്രമിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
പകർച്ചവ്യാധിയുടെ രണ്ടാം തരംഗം ഇന്ത്യയെ ബാധിച്ചതിനുശേഷം ഇത് രണ്ടാം തവണയാണ് ബാഗ്ചി ഇന്ത്യയിലേക്കും പുറത്തേക്കും ഉള്ള വിമാന യാത്രയുടെ പ്രശ്നം ഉന്നയിക്കുന്നത്. ഇക്കാര്യത്തിൽ ചില പ്രാരംഭ നടപടികൾ ഫലംകണ്ടതായും, ഈ പ്രശ്നത്തിന് സർക്കാർ മുൻഗണന നൽകുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
WAM