പ്രസിദ്ധരായ ഇന്ത്യൻ കലാകാരന്മാരുടെ ചിത്രരചനകൾ പരിചയപ്പെടുത്തുന്ന ‘ഇന്ത്യ ഓൺ കാൻവാസ്’ എന്ന പ്രത്യേക പ്രദർശനം മസ്കറ്റിലെ നാഷണൽ മ്യൂസിയത്തിൽ ആരംഭിച്ചു. 2023 ഒക്ടോബർ 19-നാണ് ഈ പ്രദർശനം ആരംഭിച്ചത്.
ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഒമാനിലെത്തിയ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി H.E. വി. മുരളീധരനാണ് ‘ഇന്ത്യ ഓൺ കാൻവാസ്’ എക്സിബിഷൻ ഉദ്ഘാടനം ചെയ്തത്.
‘ഇന്ത്യ ഓൺ കാൻവാസ്: മാസ്റ്റർപീസസ് ഓഫ് മോഡേൺ ഇന്ത്യൻ പെയിന്റിംഗ്’ എന്ന ഈ പ്രദർശനം ആധുനിക കാലഘട്ടത്തിലെ 16 പ്രധാന ഇന്ത്യൻ കലാകാരന്മാരുടെ ചിത്രരചനകൾ ഉൾപ്പെടുത്തിയാണ് ഒരുക്കിയിരിക്കുന്നത്.

ന്യൂ ഡൽഹിയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട് (NGMA), ഒമാനിലെ ഇന്ത്യൻ എംബസി എന്നിവരുമായി സഹകരിച്ചാണ് മസ്കറ്റിലെ നാഷണൽ മ്യൂസിയത്തിൽ ഈ പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.

NGMA-യിൽ നിന്നുള്ള 20 ചിത്രങ്ങളാണ് ഈ പ്രദർശനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ ഈ ചിത്രങ്ങൾ ആദ്യമായാണ് പ്രദർശിപ്പിക്കുന്നത്. ഈ പ്രദർശനം 2024 ജനുവരി 20 വരെ തുടരും.

രാജ രവി വർമ്മ, അമൃത ഷെർഗിൽ, നന്ദലാൽ ബോസ്, ജാമിനി റോയ് തുടങ്ങിയ കലാകാരന്മാരുടെ രചനകൾ ഈ പ്രദർശനത്തിലുണ്ട്.

ഇരുരാജ്യങ്ങളിടയിലുമുള്ള സാംസ്കാരിക, കലാപരമായ ബന്ധങ്ങളെ ഈ പ്രദർശനം എടുത്ത് കാട്ടുന്നു.
Cover Image: National Museum, Oman.