യു എ ഇ പ്രസിഡന്റിന്റെ ഇന്ത്യ സന്ദർശനം: വിവിധ കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പ് വെച്ചു

featured GCC News

കൂടുതൽ മേഖലകളിൽ സഹകരണം ഉറപ്പാക്കുന്നതിനും, ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള വിവിധ കരാറുകളിൽ ഇന്ത്യയും, യു എ ഇയും ഒപ്പ് വെച്ചു. 2026 ജനുവരി 19-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദർശന വേളയിലാണ് ഇരുരാജ്യങ്ങളും ഈ കരാറുകളിൽ ഒപ്പ് വെച്ചത്.

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്, ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വിവിധ വകുപ്പുകളിലെ മന്ത്രിമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ഈ കരാറുകളിലും, ധാരണാപത്രങ്ങളിലും ഒപ്പ് വെച്ചത്.

യു എ ഇയും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ പ്രതിരോധ പങ്കാളിത്തത്തെക്കുറിച്ചുള്ള ധാരണാപത്രം, യു എ ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യൻ വിദേശകാര്യ മന്ത്രി ശ്രീ. ഡോ. സുബ്രഹ്മണ്യം ജയശങ്കറും കൈമാറി.

Source: WAM.

ബഹിരാകാശ വ്യവസായ വികസനവും വാണിജ്യ സഹകരണവും സാധ്യമാക്കുന്നത് ലക്ഷ്യമിട്ടുള്ള ഒരു സംയുക്ത സംരംഭം ആരംഭിക്കുന്നതിനായി യു എ ഇ ബഹിരാകാശ ഏജൻസിയും ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്ററും (IN-SPACe) തമ്മിലുള്ള സമ്മതപത്രം അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിന്റ് ഇബ്രാഹിം അൽ ഹാഷിമിയും ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും ഈ വേളയിൽ കൈമാറി.

ADNOC ഗ്യാസും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും (HPCL) തമ്മിലുള്ള വിൽപ്പന, വാങ്ങൽ കരാറിൽ യു എ ഇ വ്യവസായ, നൂതന സാങ്കേതിക മന്ത്രിയും ADNOC മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ H.E. ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബറും ഇന്ത്യൻ പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹിസ് എക്സലൻസി ഹർദീപ് സിംഗ് പുരിയും ഒപ്പ് വെച്ചിട്ടുണ്ട്.

ഭക്ഷ്യ സുരക്ഷയും സാങ്കേതിക ആവശ്യകതകളും സംബന്ധിച്ച ധാരണാപത്രത്തിൽ യു എ ഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയവും, ഇന്ത്യൻ വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള കാർഷിക, സംസ്കരിച്ച ഭക്ഷ്യ ഉൽപ്പന്ന കയറ്റുമതി വികസന അതോറിറ്റിയും (APEDA) ഒപ്പ് വെച്ചു.

Source: WAM.

ധോലേറ പ്രത്യേക നിക്ഷേപ മേഖലയുടെ വികസനവുമായി ബന്ധപ്പെട്ട് യു എ ഇ നിക്ഷേപ മന്ത്രാലയവും ഗുജറാത്ത് സർക്കാരും തമ്മിലുള്ള നിക്ഷേപ സഹകരണത്തെക്കുറിച്ചുള്ള സമ്മതപത്രം യു എ ഇ സഹമന്ത്രി H.E. സയീദ് ബിൻ മുബാറക് അൽ ഹജേരിയും വിദേശകാര്യ സെക്രട്ടറി ശ്രീ വിക്രം മിശ്രിയും ചേർന്ന് കൈമാറിയിട്ടുണ്ട്.

ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി യു എ ഇ പ്രസിഡണ്ട് 2026 ജനുവരി 19-ന് ഇന്ത്യയിലെത്തിയിരുന്നു.