പ്രവാസി രജിസ്‌ട്രേഷനെക്കുറിച്ച് യു എ ഇയിലെ ഇന്ത്യൻ അംബാസഡർ സംസാരിക്കുന്നു

GCC News

COVID-19 പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി, യു എ ഇയിലെ ഇന്ത്യൻ എംബസി ആരംഭിച്ച രജിസ്‌ട്രേഷൻ സംവിധാനത്തെക്കുറിച്ച്‌, യു എ ഇയിലെ ഇന്ത്യൻ അംബാസഡർ H.E. ശ്രീ. പവൻ കപൂർ പ്രവാസി ഭാരതി 1539 എ.എം റേഡിയോ ശ്രോതാക്കളുമായി, വിവരങ്ങൾ പങ്ക് വെച്ചു.


പ്രവാസി രജിസ്‌ട്രേഷനെക്കുറിച്ച് യു എ ഇയിലെ ഇന്ത്യൻ അംബാസഡർ സംസാരിക്കുന്നു.

ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന യു എ ഇയിലെ പ്രവാസികളുടെ വിവരങ്ങൾ എംബസി ശേഖരിച്ച് തുടങ്ങിയതായി അദ്ദേഹം വ്യക്തമാക്കി. ഇതിനായി എംബസി ഒരുക്കിയിട്ടുള്ള വെബ്സൈറ്റിലൂടെ പ്രവാസികൾക്ക് വിവരങ്ങൾ നൽകാമെന്നും, പിഴവുകൾ വരുത്താതെ വിവരങ്ങൾ നൽകാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സംവിധാനത്തിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ അനുസരിച്ച്, നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്കായുള്ള യാത്രാ സംവിധാനങ്ങൾ ഒരുക്കുമെന്നും, ആദ്യ ഘട്ടത്തിൽ തീർത്തും അടിയന്തിരമായ ആവശ്യങ്ങൾ ഉള്ളവർക്കായിരിക്കും മുൻഗണനയെന്നും അംബാസഡർ വ്യക്തമാക്കി. ഇതിനായി യു എ എയിലെ മുഴുവൻ ഇന്ത്യൻ സമൂഹത്തിന്റെയും പിന്തുണ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

യു എ ഇയിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ നടപടികൾ ഇന്ത്യൻ എംബസിയും, ഇന്ത്യൻ കോൺസുലേറ്റും ചേർന്ന് ഏപ്രിൽ 29 രാത്രി മുതൽ ആരംഭിച്ചിരുന്നു. https://www.cgidubai.gov.in/covid_register/ എന്ന ലിങ്ക് വഴി എംബസിയിലൂടെയുള്ള രജിസ്‌ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ വിവര ശേഖരണം മാത്രമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് എംബസ്സി അറിയിച്ചിട്ടുണ്ട്. സീറ്റുകൾ ഉറപ്പാക്കുന്നതിനോ, മറ്റു മുൻഗണനകൾക്കോ ഈ രജിസ്‌ട്രേഷൻ ബാധകമാകില്ലെന്ന് എംബസി വ്യക്തമാക്കിയിട്ടുണ്ട്.

ഏപ്രിൽ 30, വ്യാഴാഴ്ച്ച വൈകീട്ട് വരെ ഏകദേശം 32,൦൦൦ പേർ യു എ ഇയിൽ നിന്ന് ഈ സംവിധാനത്തിലൂടെ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയതായാണ് ലഭിക്കുന്ന വിവരം. കേരള സർക്കാർ നോർക്ക വഴി ആരംഭിച്ചിട്ടുള്ള വിവര ശേഖരണ രജിസ്‌ട്രേഷനിലൂടെ യു എ ഇയിൽ നിന്ന് ഒന്നര ലക്ഷത്തിലധികം ആളുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നോർക്കയിലൂടെ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയവർ, എംബസിയുടെ രജിസ്‌ട്രേഷൻ നടപടികൾ കൂടി പൂർത്തിയാക്കണമെന്ന് എംബസി അധികൃതർ അറിയിച്ചിട്ടുണ്ട്. പ്രവാസികളെ തിരികെ എത്തിക്കുന്നതിനായുള്ള യാത്രാ സംവിധാനങ്ങൾ ഒരുക്കുന്നതിന് ഈ വിവരങ്ങൾ ആവശ്യമായി വരുന്നതിനാൽ, എംബസിയിലൂടെയും രജിസ്‌റ്റർ ചെയ്യാൻ പ്രവാസികൾ ശ്രദ്ധിക്കുക.