പ്രവാസികളുടെ മടക്കയാത്രയുടെ പേരിൽ തട്ടിപ്പുകൾ നടത്തുന്നവരെ കുറിച്ച് ജാഗ്രതവേണമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്, യു എ ഇയിലെ ഇന്ത്യൻ സമൂഹത്തിനോട് നിർദ്ദേശിച്ചു.
പ്രവാസികളുടെ മടക്കയാത്രയുടെ പേരിൽ സാമ്പത്തിക തട്ടിപ്പുകൾ ലക്ഷ്യമിട്ടുള്ള ചില സംഘങ്ങൾ ബാങ്ക് വിവരങ്ങളും, മറ്റ് സ്വകാര്യ വിവരങ്ങളും ഫോണിലൂടെ ആവശ്യപ്പെട്ട് കൊണ്ട് യു എ ഇയിലെ ഏതാനം ഇന്ത്യൻ പൗരന്മാരെ സമീപിച്ചതായി ശ്രദ്ധയിൽ പെട്ട വിവരം കോൺസുലേറ്റ് പങ്ക് വെച്ചു.
യാത്രാ നടപടികൾ ഒരുക്കികൊടുക്കുന്നതിനായുള്ള രീതിയിലുള്ള ഫോൺ കാളുകളും സന്ദേശങ്ങളും ഉപയോഗിച്ച് ഇത്തരത്തിൽ തട്ടിപ്പുകൾ നടത്തുന്നവരെ കുറിച്ച് ജാഗ്രത പാലിക്കണം. മടക്കയാത്രയുടെ പേരിൽ ഇന്ത്യൻ പൗരന്മാരോട് ഫോണിലൂടെ ബാങ്ക് വിവരങ്ങളും, OTP-യും മറ്റും ചോദിക്കുന്നതരത്തിലുള്ള കാളുകളെക്കുറിച്ച് ബോധ്യപ്പെട്ടതായും, എംബസ്സിയും കോൺസുലേറ്റും യാത്രാ നടപടികൾക്കായി ബന്ധപ്പെടുമ്പോൾ ബാങ്ക് സംബന്ധമായതോ, ക്രെഡിറ്റ് കാർഡ് സംബന്ധമായതോ ആയ വിവരങ്ങൾ ഒരിക്കലും ആവശ്യപ്പെടുന്നതല്ല എന്നും കോൺസുലേറ്റ് വ്യക്തമാക്കി. ഇത്തരത്തിൽ സാമ്പത്തിക വിവരങ്ങൾ ആവശ്യപ്പെട്ടു കൊണ്ടുള്ള ഫോൺ സന്ദേശങ്ങളെ ജാഗ്രതയോടെ മാത്രം സമീപിക്കുക.