യു എ ഇ: ഇന്ത്യൻ കോൺസുലേറ്റ് വെള്ളിയാഴ്ച്ച ഉൾപ്പടെ എല്ലാ അവധി ദിനങ്ങളിലും തുറന്നു പ്രവർത്തിക്കും

GCC News

ഓഗസ്റ്റ് 1 മുതൽ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് വെള്ളി, ശനി എന്നിവ ഉൾപ്പടെ എല്ലാ അവധി ദിനങ്ങളിലും തുറന്നു പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ജനങ്ങൾക്ക് അടിയന്തിര സ്വഭാവമുള്ള സേവനങ്ങൾ നൽകുന്നതിനാണ്, രാവിലെ 8 മുതൽ രാവിലെ 10 വരെ തുറന്നു പ്രവർത്തിക്കുന്നത്. ഓഗസ്റ്റ് 1 മുതൽ 2020 ഡിസംബർ 31 വരെയാണ് ഈ തീരുമാനപ്രകാരം കോൺസുലേറ്റിൽ നിന്ന് അവധി ദിനങ്ങളിൽ സേവനങ്ങൾ ലഭ്യമാക്കുന്നത്.

ഇത്തരത്തിൽ അടിയന്തിര സേവനങ്ങൾ ആവശ്യമുള്ളവർ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെല്പ് ലൈൻ സംവിധാനത്തിലൂടെ കോൺസുലേറ്റുമായി മുൻകൂട്ടി ബന്ധപ്പെടേണ്ടതാണ്. മറ്റു ദിവസത്തേക്ക് മാറ്റിവെക്കാൻ നിർവ്വാഹമില്ലാത്ത, അടിയന്തിര സാഹചര്യങ്ങളിലുള്ള സേവനങ്ങൾ മാത്രമാണ് അവധി ദിനങ്ങളിൽ നൽകുന്നത്. ഇതിനാൽ, കോൺസുലേറ്റിലേക്ക് വരുന്നതിനു മുൻപായി ഹെല്പ് ലൈനിലൂടെ മുൻകൂട്ടി ബന്ധപ്പെട്ട ശേഷം, ആവശ്യമായ സേവനം അടിയന്തിര വിഭാഗത്തിൽ പെടുന്നതാണെന്ന് ഉറപ്പാക്കേണ്ടതാണ്.

പാസ്സ്‌പോർട്ട് പുതുക്കുന്നതിനായുള്ള സേവനങ്ങൾക്ക് https://embassy.passportindia.gov.in/ എന്ന വിലാസത്തിലൂടെ ആവശ്യമായ വിവരങ്ങൾ മുൻകൂട്ടി പൂരിപ്പിക്കാവുന്നതാണ്. ഇത്തരത്തിൽ പൂരിപ്പിച്ച ഫോമിന്റെ പ്രിൻറ്, പാസ്സ്പോർട്ടിന്റെ ആദ്യത്തെയും അവസാനത്തെയും പേജുകളുടെ കോപ്പി, ഫോട്ടോ, വിസ കോപ്പി എന്നിവയുമായാണ് കോണ്സുലേറ്റിനെ സമീപിക്കേണ്ടത്. അടിയന്തിരമായ വിസ സേവനങ്ങൾക്ക് ആവശ്യമായ രേഖകളെക്കുറിച്ച്, https://www.cgidubai.gov.in/page/categories-of-visa/ എന്ന വിലാസത്തിൽ നിന്ന് വിവരങ്ങൾ ലഭ്യമാണ്.

തൊഴിൽ പ്രശ്നങ്ങൾ, കോൺസുലേറ്റിന്റെ ഇടപെടൽ ആവശ്യമായ മറ്റു അടിയന്തിര സേവനങ്ങൾ മുതലായവയ്ക്കും, അവധി ദിനങ്ങളിൽ കോൺസുലേറ്റിനെ സമീപിക്കാവുന്നതാണ്. എന്നാൽ എല്ലാ ഇത്തരം സേവനങ്ങളും താഴെ പറയുന്ന ഹെല്പ് ലൈൻ നമ്പറുകളിൽ വിളിച്ച് മുൻ‌കൂർ അനുവാദം നേടുന്നവർക്കായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

കോൺസുലാർ സേവനങ്ങൾക്ക് മുൻകൂട്ടി അനുവാദം നേടുന്നതിനുള്ള ഹെല്പ് ലൈൻ നമ്പറുകൾ:
  • 056 5463903 (24 മണിക്കൂർ, എല്ലാ ദിവസവും)
  • 054 3090575/ 054 3090571/ 054 3090572 (ദിനവും രാവിലെ 8 മുതൽ വൈകീട്ട് 8 വരെ)