യു എ ഇ: പാസ്സ്‌പോർട്ട് സേവനങ്ങൾ സെപ്റ്റംബർ 2 വരെ തടസപ്പെടുമെന്ന് ഇന്ത്യൻ എംബസി

UAE

പാസ്സ്‌പോർട്ട് സേവാ പോർട്ടലിന്റെ പ്രവർത്തനത്തിൽ 2024 സെപ്റ്റംബർ 2, തിങ്കളാഴ്ച രാവിലെ വരെ താത്‌കാലിക തടസ്സം നേരിടുമെന്ന് യു എ ഇയിലെ ഇന്ത്യൻ എംബസി അറിയിപ്പ് നൽകി. യു എ ഇയിലെ ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയ ഒരു അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

പാസ്സ്‌പോർട്ട് സേവാ പോർട്ടലിൽ നടക്കുന്ന സാങ്കേതിക അറ്റകുറ്റപ്പണികൾ മൂലമാണ് ഇത്. ഈ അറിയിപ്പ് പ്രകാരം 2024 ഓഗസ്റ്റ് 29, വ്യാഴാഴ്ച രാത്രി മുതൽ സെപ്റ്റംബർ 2, തിങ്കളാഴ്ച പുലർച്ചെ 04:30 (യു എ ഇ സമയം) വരെ പാസ്സ്‌പോർട്ട് സേവാ പോർട്ടലിന്റെ പ്രവർത്തനത്തിൽ തടസ്സം നേരിടുന്നതാണ്.

ഇതോടെ ഈ കാലയളവിൽ അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ നിന്നും, BLS ഇന്റർനാഷണൽ സേവനകേന്ദ്രങ്ങളിൽ (എല്ലാ സേവനകേന്ദ്രങ്ങൾക്കും ബാധകം) നിന്നും പാസ്സ്‌പോർട്ട്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, തത്കാൽ സേവനങ്ങൾ ലഭ്യമാകുന്നതല്ല.

നിലവിൽ BLS ഇന്റർനാഷണൽ സേവനകേന്ദ്രങ്ങളിൽ നിന്നും ഓഗസ്റ്റ് 30, 31 തീയതികളിലേക്ക് അപ്പോയ്ന്റ്മെന്റ് ലഭിച്ചിട്ടുള്ളവർക്ക് സെപ്റ്റംബർ 2-നും സെപ്റ്റംബർ 8-നും ഇടയിലുള്ള ദിവസങ്ങളിൽ പുതുക്കിയ അപ്പോയ്ന്റ്മെന്റ് അനുവദിക്കുന്നതാണ്. പുതിയതായി അപ്പോയ്ന്റ്മെന്റ് അനുവദിച്ച് കിട്ടുന്ന തീയതിയിൽ എത്തുന്നതിന് അസൗകര്യമുള്ളവർക്ക് ഈ തീയതിക്ക് ശേഷം BLS സേവനകേന്ദ്രങ്ങളിൽ നേരിട്ടെത്തി വാക്-ഇൻ അടിസ്ഥാനത്തിൽ പാസ്സ്‌പോർട്ട് അപേക്ഷ നൽകാവുന്നതാണ്. ഇതിന് മറ്റൊരു അപ്പോയ്ന്റ്മെന്റിന്റെ ആവശ്യമില്ല.

ഓഗസ്റ്റ് 30, 31 തീയതികളിൽ BLS സേവനകേന്ദ്രങ്ങളിൽ നിന്നുള്ള മറ്റ് കോൺസുലാർ, വിസ സേവനങ്ങൾ തടസപ്പെടുന്നതല്ല.

ഈ അറിയിപ്പിന്റെ പൂർണ്ണ രൂപം https://indembassyuae.gov.in/pdf/Notice%20regarding%20PSP%20not%20working.pdf എന്ന വിലാസത്തിൽ നിന്ന് ലഭ്യമാണ്.