COVID-19 വാക്സിൻ സ്വീകരിക്കാൻ ഇന്ത്യൻ വംശജരോട് ബഹ്‌റൈനിലെ ഇന്ത്യൻ എംബസി ആഹ്വാനം ചെയ്തു

Bahrain

എത്രയും വേഗം COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കാൻ രാജ്യത്തെ ഇന്ത്യൻ വംശജരോട് ബഹ്‌റൈനിലെ ഇന്ത്യൻ എംബസി ആഹ്വാനം ചെയ്തു. ജൂൺ 9-നാണ് ബഹ്‌റൈനിലെ ഇന്ത്യൻ എംബസി ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

രാജ്യത്തെ മുഴുവൻ പൗരന്മാർക്കും, പ്രവാസികൾക്കും ബഹ്‌റൈൻ സർക്കാർ COVID-19 വാക്സിൻ സൗജന്യമായി നൽകുന്നുണ്ടെന്ന് ഇന്ത്യൻ എംബസി അറിയിപ്പിൽ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി എത്രയും വേഗം വാക്സിൻ സ്വീകരിക്കാൻ ഇന്ത്യൻ വംശജരോട് എംബസി നിർദ്ദേശിച്ചു.

ഇതുവരെ COVID-19 വാക്സിനെടുക്കാത്ത ബഹ്‌റൈനിലെ ഇന്ത്യക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായി എംബസി ഒരു പ്രത്യേക ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരക്കാർക്ക് https://forms.gle/pMT3v1g3o4yVgnES8 എന്ന വിലാസത്തിൽ തങ്ങളുടെ വിവരങ്ങൾ നൽകാവുന്നതാണ്.

ഇത്തരം വ്യക്തികൾക്ക് എത്രയും വേഗം COVID-19 വാക്സിൻ ലഭ്യമാക്കുന്നതിനുള്ള സഹായങ്ങൾ നൽകുന്നതിനും, അതിലൂടെ ബഹ്‌റൈൻ സർക്കാരിന്റെ വാക്സിനേഷൻ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനുമാണ് ഈ രജിസ്‌ട്രേഷൻ സംവിധാനമെന്നും എംബസി വ്യക്തമാക്കി. വാക്സിനേഷൻ ലഭിക്കുന്നതിൽ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണ്.