യാത്രാരേഖകളില്ലാത്തവർക്കുള്ള എമർജൻസി സർട്ടിഫിക്കറ്റുകൾ കൈപ്പറ്റാൻ കുവൈറ്റിലെ ഇന്ത്യൻ എംബസ്സി അറിയിപ്പ് നൽകി

GCC News

സാധുതയുള്ള യാത്രാരേഖകൾ ഇല്ലാത്ത ഇന്ത്യക്കാർക്കായുള്ള എമർജൻസി സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷിച്ചിരുന്നവർക്ക് പ്രിന്റഡ് രൂപത്തിൽ അവ നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി കുവൈറ്റിലെ ഇന്ത്യൻ എംബസ്സി അറിയിപ്പ് നൽകി. ഇത്തരം എമർജൻസി സർട്ടിഫിക്കറ്റുകൾ ഉൾപ്പടെ അടിയന്തിരമായി യാത്രാ രേഖകൾക്ക് അപേക്ഷകൾ സമർപ്പിച്ചിട്ടുള്ളവർക്ക് അവ അനുവദിക്കുന്ന നടപടികൾ ആരംഭിച്ചതായും, ഇത് സംബന്ധിച്ച അറിയിപ്പ് നൽകുന്നതിനായി എംബസി അപേക്ഷകരെ നേരിട്ട് ഫോണിലൂടെയും, ഇ-മെയിൽ വഴിയും ബന്ധപ്പെടുന്നത് ആരംഭിച്ചതായും എംബസി പ്രത്യേക അറിയിപ്പിലൂടെ വ്യക്തമാക്കി.

യാത്രാരേഖകൾ കൈവശമില്ലാത്ത, എന്നാൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹമുള്ളവർക്കായി, പ്രത്യേക എമർജൻസി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള രജിസ്‌ട്രേഷൻ നടപടികൾ എംബസി നേരത്തെ ആരംഭിച്ചിട്ടുണ്ടായിരുന്നു. വിസ കാലാവധി ലംഘിച്ചവർക്ക് പിഴ ഒഴിവാക്കി രാജ്യം വിടുന്നതിനായി കുവൈറ്റ് സർക്കാർ നവംബർ 24-ന് പുറത്തിറക്കിയ പൊതുമാപ്പ് ഉപയോഗപ്പെടുത്താൻ ഇന്ത്യക്കാരോട് എംബസി നിർദ്ദേശിച്ചിട്ടുണ്ടായിരുന്നു.

ഈ പദ്ധതി പ്രയോജനപ്പെടുത്തി കുവൈറ്റിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്നവരോട്, സാധുതയുള്ള യാത്രാ രേഖകൾ കൈവശമില്ലെങ്കിൽ, യാത്രാ രേഖകൾക്കായി ഉടൻ എംബസിയെ സമീപിക്കാനും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇതിനായി എംബസിയിൽ പ്രത്യേക എമർജൻസി സർട്ടിഫിക്കറ്റ് കൗണ്ടർ ആരംഭിച്ചിട്ടുണ്ട്. അപേക്ഷകർക്ക് നേരിട്ട് മാത്രമേ എമർജൻസി സർട്ടിഫിക്കറ്റ് നൽകൂ എന്നും എംബസി അറിയിപ്പിൽ വ്യക്തമാക്കുന്നു.

ഇത്തരം എമർജൻസി സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചവരിൽ ഭൂരിഭാഗം പേരും അവ കൈപ്പറ്റിയിട്ടുണ്ടെങ്കിലും, ഏതാനം പേരുടെ ഇത്തരം രേഖകൾ എംബസിയിൽ നിന്ന് കൈപറ്റിയിട്ടില്ല എന്ന് അധികൃതർ അറിയിച്ചു. ഇവരെ എംബസി ഫോണിലൂടെയും മറ്റും ബന്ധപ്പെടുന്നുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു. അടിയന്തിര യാത്രാ രേഖകളുമായി ബന്ധപ്പെട്ട് എംബസിയിൽ പ്രത്യേക ഹെല്പ് ഡെസ്ക് പ്രവർത്തിക്കുന്നതായും അധികൃതർ അറിയിച്ചു. കുവൈറ്റ് സർക്കാർ അനുവദിച്ചിട്ടുള്ള പ്രത്യേക പൊതുമാപ്പ് പദ്ധതിയെക്കുറിച്ചും, എമർജൻസി സർട്ടിഫിക്കറ്റിനെക്കുറിച്ചുമുള്ള സംശയങ്ങൾക്ക് ഈ ഹെല്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

  • രാവിലെ 8 മുതൽ രാത്രി 8 മണി വരെ: +965 –65806158, 65806735, +965 –65807695, 65808923
  • രാത്രി 8 മുതൽ രാവിലെ 8 മണി വരെ: +965 –65809348
  • community.kuwait@mea.gov.in എന്ന ഇമെയിൽ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്.

https://indembkwt.gov.in/pdf/Press%20Release%20-%20Travel%20Certificates%20-%2003%20December%202020.pdf എന്ന വിലാസത്തിൽ കുവൈറ്റിലെ ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഈ അറിയിപ്പ് പുറത്തിറക്കിയത്.