ഇന്ത്യയിൽ നിന്ന് ഖത്തറിലേക്ക് യാത്ര ചെയ്യുന്നവരുടെ ക്വാറന്റീൻ നടപടികളുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വ്യാജ വർത്തകളെക്കുറിച്ച് ജാഗ്രത പുലർത്താൻ ദോഹയിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. വാക്സിനെടുത്തവർ ഖത്തറിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ ഏർപ്പെടുത്തിയിട്ടുള്ള ക്വാറന്റീൻ നടപടികളിൽ മാറ്റം വരുത്തിയതായുള്ള വാർത്തകൾ വ്യാജമാണെന്ന് എംബസി ചൂണ്ടിക്കാട്ടി.
ഖത്തറിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക യാത്രാ മാനദണ്ഡങ്ങൾ അറിയുന്നതിനായി ഖത്തർ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് പരിശോധിക്കാനും എംബസി ഇന്ത്യക്കാരോട് നിർദ്ദേശിച്ചിട്ടുണ്ട്. https://covid19.moph.gov.qa/EN/travel-and-return-policy/Pages/default.aspx എന്ന വിലാസത്തിൽ യാത്രാ നിബന്ധനകൾ ലഭ്യമാണ്.
യാത്രകൾക്ക് മുൻപായി ഈ മാനദണ്ഡങ്ങൾ വിമാനകമ്പനികളുമായി പരിശോധിച്ചുറപ്പ് വരുത്താനും എംബസി നിർദ്ദേശിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് ഖത്തറിലേക്ക് യാത്ര ചെയ്യുന്നവരുടെ ഹോട്ടൽ ക്വാറന്റീൻ നടപടികളിൽ മാറ്റം വരുത്തിയതായുള്ള റിപ്പോർട്ടുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച സാഹചര്യത്തിലാണ് എംബസി ഇത്തരം ഒരു അറിയിപ്പ് പുറത്തിറക്കിയത്.
രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള യാത്രാ മാനദണ്ഡങ്ങളിലും, തിരികെയെത്തുന്നതിനുള്ള നിബന്ധനകളും 2021 ജൂലൈ 12-നാണ് ഖത്തർ അവസാനമായി മാറ്റം വരുത്തിയത്. ഈ മാനദണ്ഡങ്ങൾ പ്രകാരം ലോകരാജ്യങ്ങളെ മൂന്ന് ലിസ്റ്റുകളായി തരം തിരിച്ചിട്ടുണ്ട്. ഈ അറിയിപ്പ് പ്രകാരം, ജൂലൈ 12 മുതൽ ഖത്തർ അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനിന്റെ മുഴുവൻ ഡോസുകളും സ്വീകരിച്ചിട്ടുള്ളവർക്ക് (രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് 14 ദിവസം പൂർത്തിയാക്കിയിരിക്കണം) മാത്രമാണ് രാജ്യത്തേക്ക് പ്രവേശിക്കുന്ന അവസരത്തിൽ ക്വാറന്റീൻ ഒഴിവാക്കി നൽകുന്നത്.
COVID-19 സാഹചര്യങ്ങൾക്കനുസരിച്ച് ഗ്രീൻ, യെല്ലോ, റെഡ് എന്നിങ്ങനെ മൂന്നായാണ് രാജ്യങ്ങളെ തരം തിരിച്ചിരിക്കുന്നത്. വിവിധ ലിസ്റ്റുകളിലെ രാജ്യങ്ങളിൽ നിന്ന് പ്രവേശിക്കുന്നവർക്ക് വിവിധ രീതിയിലുള്ള PCR, ക്വാറന്റീൻ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യയെ റെഡ് ലിസ്റ്റിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രാജ്യങ്ങളുടെ സമ്പൂർണ്ണ പട്ടിക, യാത്രാ മാനദണ്ഡങ്ങൾ എന്നിവ https://pravasidaily.com/qatar-to-update-entry-procedures-from-july-12-2021/ എന്ന വിലാസത്തിൽ ലഭ്യമാണ്.
താഴെ പറയുന്ന വാക്സിനുകൾക്കാണ് ഖത്തർ ഔദ്യോഗിക അംഗീകാരം നൽകിയിരിക്കുന്നത്:
- ഫൈസർ ബയോഎൻടെക്ക് (Comirnaty എന്ന പേരിലും അറിയപ്പെടുന്നു)
- മോഡേണ വാക്സിൻ (Spikevax)
- ഓക്സ്ഫോർഡ് ആസ്ട്രസെനേക (കോവിഷീൽഡ്, Vaxzevria)
- ജോൺസൺ ആൻഡ് ജോൺസൻ വാക്സിൻ (Janssen)
ഇതിന് പുറമെ സിനോഫാം വാക്സിന് വ്യവസ്ഥകളോടെ ഖത്തർ അനുമതി നൽകിയിട്ടുണ്ട്. ഇവർക്ക് ഖത്തറിലെത്തിയ ശേഷം ആന്റിബോഡി പരിശോധന നടത്തുന്നതാണ്. ഈ പരിശോധനയിൽ ആന്റിബോഡി സാന്നിധ്യം കണ്ടെത്താത്ത സാഹചര്യത്തിൽ യാത്രപുറപ്പെട്ട രാജ്യം അടിസ്ഥാനമാക്കി ക്വാറന്റീൻ ഏർപ്പെടുത്തുന്നതാണ്.