അടിയന്തിര കോൺസുലാർ സേവനങ്ങൾക്കായി വരുന്ന സന്ദർശകർക്ക് മുൻകൂട്ടി സമയം നിശ്ചയിക്കുന്നതിനായി ഓൺലൈൻ അപ്പോയിൻമെൻറ് സംവിധാനം ആരംഭിച്ചതായി ഖത്തറിലെ ഇന്ത്യൻ എംബസ്സി അറിയിച്ചു. നിലവിൽ ടെലിഫോൺ ഹെല്പ് ലൈൻ സംവിധാനങ്ങളിലൂടെയാണ് ഇത്തരം സേവനങ്ങൾക്കുള്ള സന്ദർശനാനുമതിയും സമയവും നൽകിയിരുന്നത്.
ഈ ഹെല്പ് ലൈൻ സേവനം നിർത്തലാക്കുകയാണെന്നും പ്രവാസികൾക്ക് ഓൺലൈൻ സംവിധാനത്തിലൂടെ അപ്പോയിൻമെൻറ് നേടാമെന്നും എംബസ്സി വ്യക്തമാക്കി.
https://indianembassyqatar.gov.in/get-appointment എന്ന വിലാസത്തിലാണ് ഖത്തറിലെ ഇന്ത്യൻ എംബസ്സിയുടെ അപ്പോയിൻമെൻറ് സംവിധാനം ലഭ്യമാക്കിയിട്ടുള്ളത്. നിലവിൽ, ഹെല്പ് ലൈൻ സംവിധാനത്തിലൂടെ മെയ് 31 വരെ അനുവദിച്ചു കിട്ടിയിട്ടുള്ള സന്ദർശനാനുമതികൾ സേവനങ്ങൾക്കായി ഉപയോഗിക്കാവുന്നതാണ്.
എന്നാൽ മെയ് 31-നു ശേഷമുള്ള തീയ്യതികളിലേക്ക് അനുവദിച്ചിട്ടുള്ള എല്ലാ അപ്പോയിൻമെന്റുകളും റദ്ദാക്കിയതായി എംബസി അറിയിച്ചു. ഇത്തരം അപ്പോയിൻമെന്റുകൾ ഓൺലൈനിലൂടെ വീണ്ടും എടുക്കാവുന്നതാണ്.