യു എ ഇയിലെ പ്രവാസി ഇന്ത്യക്കാർക്ക് പാസ്സ്പോർട്ട് സംബന്ധമായ സേവനങ്ങൾക്ക്, സേവന കേന്ദ്രങ്ങളിൽ നേരിട്ടെത്തുന്നതിൽ ഇളവ് അനുവദിച്ച് കൊണ്ടുള്ള തീരുമാനം അബുദാബിയിലെ ഇന്ത്യൻ എംബസ്സി പ്രഖ്യാപിച്ചു. ഈ തീരുമാനപ്രകാരം, പാസ്സ്പോർട്ട് പുതുക്കുന്നതുൾപ്പടെയുള്ള സേവനങ്ങൾക്ക് അപേക്ഷകൻ BLS സേവനകേന്ദ്രത്തിൽ നേരിട്ടെത്തുന്നതിന് പകരം കമ്പനിയുടെ പിആർഒ മുഖേന സേവനങ്ങൾക്ക് അപേക്ഷിക്കാൻ എംബസി അനുമതി നൽകിയിട്ടുണ്ട്. നവംബർ 22-നാണ് എംബസി ഈ അറിയിപ്പ് പുറത്തിറക്കിയത്.
കൊറോണ വൈറസ് സാഹചര്യത്തിൽ ആളുകൾ ഒത്ത് ചേരുന്നതിനുള്ള സാദ്ധ്യതകൾ പരമാവധി ഒഴിവാക്കാനും, BLS സേവനകേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കാനും, സമൂഹ അകലം ഉൾപ്പടെയുള്ള സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുന്നതിനുമായാണ് എംബസി ഇത്തരം ഒരു തീരുമാനം എടുത്തിട്ടുള്ളത്. COVID-19 സാഹചര്യം കണക്കിലെടുത്ത് 60 വയസ്സിനു മുകളിൽ പ്രായമുള്ളവർ, 12 വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾ, ഭിന്നശേഷിക്കാർ, ഗർഭിണികൾ മുതലായവർക്ക് ഇത്തരം സേവനങ്ങൾക്ക് BLS സേവനകേന്ദ്രങ്ങളിൽ നേരിട്ടെത്തുന്നതിൽ നിലവിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.
ഇപ്പോൾ ഇതിനു പുറമെ, ഓരോ സ്ഥാപനങ്ങളിലെയും എല്ലാ വിഭാഗം തൊഴിലാളികൾക്കും (ഉടമസ്ഥർ ഉൾപ്പടെ), സ്ഥാപനത്തിലെ ഔദ്യോഗിക പിആർഒ ഉദ്യോഗസ്ഥൻ മുഖേന പാസ്സ്പോർട്ട് പുതുക്കുന്നതിനും, അനുവദിക്കുന്നതിനും അടുത്തുള്ള BLS സേവനകേന്ദ്രങ്ങളിൽ അപേക്ഷിക്കാവുന്നതാണ്. കൊറോണ വൈറസ് സാഹചര്യത്തിൽ ദൂര യാത്രകളിൽ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും, റുവൈസ് പോലുള്ള വിദൂര പ്രദേശങ്ങളിൽ നിന്ന് BLS സേവനകേന്ദ്രങ്ങളിൽ നേരിട്ടെത്തുന്നതിനുള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുത്തുമാണ് ഈ ഇളവുകൾ അനുവദിക്കുന്നതെന്ന് എംബസി വ്യക്തമാക്കി.
കമ്പനിയുടെ പിആർഒ മുഖേന താഴെ പറയുന്ന നിബന്ധനകൾ പ്രകാരം പാസ്സ്പോർട്ട് സേവനങ്ങൾക്ക് അപേക്ഷിക്കാവുന്നതാണ്:
- പാസ്സ്പോർട്ട് സേവനങ്ങൾക്കായി പൂരിപ്പിച്ച അപേക്ഷകൾ, ആവശ്യമായ രേഖകൾക്കൊപ്പം ജീവനക്കാർക്ക് വേണ്ടി നൽകുന്നതിനായി കമ്പനിയുടെ പിആർഒയെ ചുമതലപ്പെടുത്തുന്ന തൊഴിലുടമയുടെ/ കമ്പനിയുടെ ഭാഗത്ത് നിന്നുള്ള ഔദ്യോഗിക കത്ത് അപേക്ഷകളോടൊപ്പം ഹാജരാക്കേണ്ടതാണ്.
- ഇതിന് പുറമെ, ഇത്തരം സേവനം ആവശ്യപ്പെടുന്ന ഓരോ ജീവനക്കാരനും, ഇതിനായി കമ്പനിയുടെ പിആർഒയെ ചുമതലപ്പെടുത്തുന്ന ഒരു സമ്മതപത്രം അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
- പൂരിപ്പിച്ച അപേക്ഷകൾ, അനുബന്ധ രേഖകൾ, കമ്പനിയിൽ നിന്നും, ജീവനക്കാരിൽ നിന്നുമുള്ള സമ്മതപത്രം എന്നിവയുമായി കമ്പനിയുടെ പിആർഒയ്ക്ക് തൊട്ടടുത്തുള്ള BLS കേന്ദ്രത്തിൽ എത്തി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. പിആർഒയുടെ പദവി തെളിയിക്കുന്ന ഔദ്യോഗിക ഐഡി, അല്ലെങ്കിൽ രേഖ കൈവശം കരുതേണ്ടതാണ്. സേവനകൾക്കായുള്ള ഫീസ് BLS കേന്ദ്രത്തിൽ നേരിട്ട് പണമായി അടയ്ക്കാവുന്നതാണ്.
- ആവശ്യമെങ്കിൽ ഇത്തരം സേവനങ്ങൾക്കായി BLS കേന്ദ്രങ്ങളിൽ പ്രത്യേക കൗണ്ടറുകൾ ആരംഭിക്കുന്നതാണ്.
- സേവനങ്ങൾക്ക് ശേഷം പുതിയ/ കാൻസൽ ചെയ്ത പാസ്സ്പോർട്ടുകൾ കമ്പനിയുടെ പിആർഒ മുഖേനയോ, കൊറിയർ വഴിയോ സ്വീകരിക്കാവുന്നതാണ്.