വിദേശരാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും നിർബന്ധമാക്കിയിട്ടുള്ള ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ 2021 ഫെബ്രുവരി 15 മുതൽ ആരംഭിക്കുമെന്ന് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ സ്ഥിരീകരിച്ചു. 2021 ഫെബ്രുവരി 15, തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണി മുതൽ ഒമാനിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും ക്വാറന്റീൻ നടപടികൾക്കായി ചുരുങ്ങിയത് ഏഴ് ദിവസത്തെ മുൻകൂർ ഹോട്ടൽ ബുക്കിംഗ് നിർബന്ധമാണെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി സുപ്രീം കമ്മിറ്റിയുടെ നിർദ്ദേശത്തെത്തുടർന്ന് നേരത്തെ അറിയിച്ചിരുന്നു.
ഫെബ്രുവരി 13, ശനിയാഴ്ച്ച രാവിലെയാണ് ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ ഇത് സംബന്ധിച്ചുള്ള സ്ഥിരീകരണം നൽകിയത്. രാജ്യത്തേക്ക് പ്രവേശിക്കുന്ന വിദേശ യാത്രികർക്ക് ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനിനായി സ്വന്തം ഇഷ്ടപ്രകാരമുള്ള ഹോട്ടലുകളോ, അല്ലെങ്കിൽ ബന്ധപ്പെട്ട അധികൃതർ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനിനായി തയ്യാറാക്കിയിട്ടുള്ള പട്ടികയിൽ നിന്നുള്ള ഹോട്ടലുകളോ തിരഞ്ഞെടുക്കാമെന്നും കമ്മ്യൂണിക്കേഷൻ സെന്റർ അറിയിച്ചിട്ടുണ്ട്.
ഹോം ക്വാറന്റീൻ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾ പ്രകടമാക്കുന്ന വിമുഖത കണക്കിലെടുത്താണ് വിദേശത്ത് നിന്ന് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാക്കുന്നതെന്ന് സുപ്രീം കമ്മിറ്റി വ്യക്തമാക്കിയിരുന്നു. ഒമാൻ ആഭ്യന്തര വകുപ്പ് മന്ത്രി സയ്യിദ് ഹമൗദ് ഫൈസൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 10-ന് ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
“രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് നിർബന്ധിത ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനിനായി ഇഷ്ടമുള്ള ഏത് ഹോട്ടൽ വേണമെങ്കിലും തിരഞ്ഞെടുക്കാവുന്നതാണ്. അല്ലെങ്കിൽ സെന്റർ ഓഫ് റിലീഫ് ആൻഡ് ഷെൽട്ടർ ഓപ്പറേഷൻസ് ഇതിനായി തിരഞ്ഞെടുത്തിട്ടുള്ള ഹോട്ടലുകൾ ഉപയോഗിക്കാവുന്നതാണ്.”, ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു. ഇത്തരം ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനിനായി വരുന്ന ചെലവുകൾ യാത്രികർ വഹിക്കേണ്ടതാണ്. 2021 ഫെബ്രുവരി 15, തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണി മുതൽ ഒമാനിലേക്ക് പ്രവേശിക്കുന്ന എല്ലാ വിമാനസർവീസുകളിലും ഇത്തരം മുൻകൂർ ഹോട്ടൽ ബുക്കിംഗ് ഉള്ള യാത്രികർക്ക് മാത്രമായിരിക്കും യാത്രാനുമതി ഉണ്ടായിരിക്കുക.
സെന്റർ ഓഫ് റിലീഫ് ആൻഡ് ഷെൽട്ടർ ഓപ്പറേഷൻസ് തിരഞ്ഞെടുത്തിട്ടുള്ള ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ കേന്ദ്രങ്ങളെക്കുറിച്ച് അറിയുന്നതിനായി 24994267, 24994266, 24994265 എന്നീ നമ്പറുകളിൽ ബന്ധപ്പടാമെന്നും ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ കൂട്ടിച്ചേർത്തു.
Cover Photo: Oman Airports (omanairports.co.om)